---
title: "ഇവിഎം യൂണിറ്റുകൾ മാറ്റിസ്ഥാപിച്ചു, വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് അഭിഷേക് ബാനർജി"
english_title: "West Bengal Assembly election results: Trinamool Congress raises serious allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357538/west-bengal-assembly-election-results-trinamool-congress-raises-serious-allegations"
published_at: "2026-05-05T21:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa1a8e56acf_banarji.jpg"
keywords: []
---

# ഇവിഎം യൂണിറ്റുകൾ മാറ്റിസ്ഥാപിച്ചു, വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് അഭിഷേക് ബാനർജി

> **Lead Summary:** **കൊൽക്കത്ത: ** പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുയർത്തി തൃണമൂൽ കോൺഗ്രസ്.

## Article Content

**കൊൽക്കത്ത: ** പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുയർത്തി തൃണമൂൽ കോൺഗ്രസ്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) ക്രമക്കേടുണ്ടായെന്ന ആരോപണങ്ങൾ പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.

അതേസമയം ഇവിഎമ്മിൽ കൃത്രിമം നടക്കാനുള്ള സാധ്യതയില്ലെന്നും എന്നാൽ അത് മാറ്റി സ്ഥാപിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് നേരത്തെ മമതാ ബാനർജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേകിന്റെ പ്രതികരണം.

'വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള മുഴുവൻ ദിവസത്തെയും ദൃശ്യങ്ങൾ കമ്മിഷൻ പുറത്തുവിടണം, പ്രത്യേകിച്ച് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള ദൃശ്യങ്ങൾ പുറത്തുവിടണം.

ഇവിഎമ്മുകളിൽ വോട്ടുകൾ തിരിമറി നടത്താൻ സാധിക്കില്ലെങ്കിലും, ഇവിഎം യൂണിറ്റുകൾ മാറ്റാൻ സാധിക്കും. വോട്ടെടുപ്പിന് ഉപയോഗിച്ച ഇവിഎമ്മുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പരിശോധിച്ചപ്പോൾ, അവയുടെ സീരിയൽ നമ്പറുകൾ ഫോം 17 സിയിലെ രേഖകളുമായി ഒത്തുപോകുന്നില്ലെന്ന് നിരവധി സ്ഥലങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഫീഡ്ബാക്ക് ലഭിച്ചിട്ടുണ്ട്.

ഈ ഫീഡ്ബാക്ക് വോട്ടെണ്ണൽ ദിനത്തിൽ റിട്ടേണിംഗ് ഓഫീസർമാർക്ക് ഔദ്യോഗികമായി സമർപ്പിച്ചിരുന്നു' അഭിഷേക് ബാനർജി പറഞ്ഞു.

12 മണിക്കൂർ മെഷീനുകൾ ഉപയോഗിച്ചു, എന്നാൽ 90 ശതമാനം മെഷീനുകളിലും 92-95 ശതമാനം ചാർജ് ഉണ്ടായിരുന്നു. ഇത് എങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു. 'ഇത് പാർട്ടിയിൽ ചർച്ച ചെയ്യും. ഞങ്ങൾ ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിഎം പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് അഭിഷേക് ബാനർജി പറഞ്ഞു. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് എജന്റുമാരെ നിർബന്ധിപ്പിച്ച് പുറത്താക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ഈ സംഭവങ്ങളെക്കുറിച്ചുള്ള എല്ലാ ഔദ്യോഗിക പരാതികളും കൃത്യമായി സമർപ്പിച്ചിട്ടുണ്ട്. ഇത് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രമാണ് നിയമിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗണ്ടിംഗ് നിരീക്ഷകരും മൈക്രോ നിരീക്ഷകരും കേന്ദ്ര സർക്കാർ ജീവനക്കാരായിരുന്നു, റിട്ടേണിംഗ് ഓഫീസർമാരെ തിരഞ്ഞെടുപ്പ് കമ്മിഷനാണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'ഈ സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ ആരും ഉണ്ടായിരുന്നില്ല; കൗണ്ടിംഗ് നിരീക്ഷകരും മൈക്രോ നിരീക്ഷകരും കേന്ദ്ര സർക്കാർ നിയമിച്ചവരായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷൻ അവരുടെ സ്വന്തം റിട്ടേണിംഗ് ഓഫീസർമാരെ നിയമിച്ചിരുന്നു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ മാറ്റി. മാത്രമല്ല, പരിസരം സംരക്ഷിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പാരാമിലിട്ടറി സേനാംഗങ്ങളായിരുന്നു' അഭിഷേക് പറഞ്ഞു.

പശ്ചിമബംഗാളിൽ 207 സീറ്റോടെ ബിജെപി അധികാരം പിടിച്ചിരുന്നു. നിലവിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയടക്കം തോൽവിയറിഞ്ഞു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വലിയ ആരോപണങ്ങളുമായി തൃണമൂൽ രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357538/west-bengal-assembly-election-results-trinamool-congress-raises-serious-allegations)