---
title: "പഴയ ചോറ് ചൂടാക്കി കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ പണി കിട്ടും!"
english_title: "Things to know when reheating old rice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357505/things-to-know-when-reheating-old-rice"
published_at: "2026-05-05T17:15:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9d8d8eb7b5_ft.jpg"
keywords: []
---

# പഴയ ചോറ് ചൂടാക്കി കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ പണി കിട്ടും!

> **Lead Summary:** ** ന**മ്മുടെ അടുക്കളകളിൽ സാധാരണമായ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്ന രീതി അത്ര നിസ്സാരക്കാരനല്ല. ശരിയായ രീതിയിലല്ല ചോറ് സൂക്ഷിക്കുന്നതെങ്കിൽ അത് മാരകമായ ഭക്ഷ്യവിഷബാധയ്ക്ക് വഴിവെച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

## Article Content

** ന**മ്മുടെ അടുക്കളകളിൽ സാധാരണമായ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്ന രീതി അത്ര നിസ്സാരക്കാരനല്ല. ശരിയായ രീതിയിലല്ല ചോറ് സൂക്ഷിക്കുന്നതെങ്കിൽ അത് മാരകമായ ഭക്ഷ്യവിഷബാധയ്ക്ക് വഴിവെച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബാക്കി വന്ന ചോറ് പിന്നീട് ചൂടാക്കി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. ചോറ് ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ചോറിലെ ബാസിലസ് സീരിയസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷാംശമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്.

അരി വേവിച്ചാലും നശിക്കാത്ത ബാക്ടീരിയയുടെ സ്പോറുകൾ ഇതിൽ അടങ്ങിയിട്ടുണ്ടാകാം. ചോറ് പാകം ചെയ്ത ശേഷം സാധാരണ താപനിലയിൽ കൂടുതൽ സമയം വെച്ചാൽ ഈ സ്പോറുകൾ ബാക്ടീരിയകളായി വളരുകയും വിഷാംശം പുറപ്പെടുവിക്കുകയും ചെയ്യുന്നു. പിന്നീട് എത്ര ചൂടാക്കിയാലും ഈ വിഷാംശം ഇല്ലാതാകില്ല. ഇത് കഴിക്കുന്നത് വഴിയാണ് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളോട് കൂടിയ 'ഫ്രൈഡ് റൈസ് സിൻഡ്രോം' ഉണ്ടാകുന്നത്.

ബാക്ടീരിയയുടെ വളർച്ചയെക്കുറിച്ച് അമേരിക്കയിലെ അരിസോണ ആസ്ഥാനമായ ബാനർ ഹെൽത്തിലെ ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് ഡോ.ജെസീക്ക ഹിൻസ് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏതാണ്ട് 30°C താപനിലയിൽ ബാസിലസ് സീരിയസ് പോലുള്ള ബാക്ടീരിയകൾ അതിവേഗം പെരുകുമെന്നും വെറും മിനിറ്റുകൾക്കുള്ളിൽ അവയുടെ എണ്ണം ഇരട്ടിയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഒരാളെ രോഗിയാക്കാൻ ആവശ്യമായ വിഷാംശം ഉത്പാദിപ്പിക്കാൻ ഇത്രയും കുറഞ്ഞ സമയം മതിയാകുമെന്നും ഡോ.ജെസീക്ക ഓർമ്മിപ്പിക്കുന്നു.

പാകം ചെയ്ത ചോറ് ഒരു മണിക്കൂറിൽ കൂടുതൽ പുറത്തുവെക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വേഗം തണുപ്പിച്ച ശേഷം ചോറ് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഫ്രിഡ്ജിൽ വെച്ച ചോറ് ഒരു ദിവസത്തിലധികം കഴിഞ്ഞ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഒരിക്കൽ ചൂടാക്കിയ ചോറ് പിന്നീട് വീണ്ടും ചൂടാക്കി ഉപയോഗിക്കരുത് എന്നും വിദഗ്ധർ നിർദേശിക്കുന്നു.

ചൂടാക്കുമ്പോൾ ചോറ് പൂർണമായും എല്ലാ ഭാഗവും നന്നായി ചൂടായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആവി പറക്കുന്ന രീതിയിൽ ചൂടാക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. എന്നാൽ മുൻപ് സൂചിപ്പിച്ചത് പോലെ, ബാക്ടീരിയകൾ പുറപ്പെടുവിച്ച വിഷാംശം ചോറിലുണ്ടെങ്കിൽ ചൂടാക്കുന്നത് കൊണ്ട് ഫലമുണ്ടാകില്ല. അതുകൊണ്ട് തന്നെ സുരക്ഷിതമായ സംഭരണ രീതിയാണ് ഏറ്റവും പ്രധാനം. ലളിതമായ ഈ മുൻകരുതലുകൾ പാലിക്കുന്നത് വഴി ഭക്ഷ്യവിഷബാധ തടയാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357505/things-to-know-when-reheating-old-rice)