---
title: "സിവിലിയൻ ബോട്ടുകളെ അമേരിക്ക ആക്രമിച്ചെന്ന് ഇറാൻ; ഹോർമുസിൽ നിയന്ത്രണം കടുപ്പിച്ചു, ചൈനയുടെ പിന്തുണ തേടി ടെഹ്റാൻ"
english_title: "Iran says US attacked civilian boats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357502/iran-says-us-attacked-civilian-boats"
published_at: "2026-05-05T17:09:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9d74180d7b_18.jpg"
keywords: []
---

# സിവിലിയൻ ബോട്ടുകളെ അമേരിക്ക ആക്രമിച്ചെന്ന് ഇറാൻ; ഹോർമുസിൽ നിയന്ത്രണം കടുപ്പിച്ചു, ചൈനയുടെ പിന്തുണ തേടി ടെഹ്റാൻ

> **Lead Summary:** **ടെഹ്റാൻ: [**[ ]ആഗോള ചരക്കുനീക്കത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകൾക്കും തങ്ങളുടെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തെത്തി.

## Article Content

**ടെഹ്റാൻ: [**[ ]ആഗോള ചരക്കുനീക്കത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകൾക്കും തങ്ങളുടെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തെത്തി.

തന്ത്രപ്രധാനമായ ഈ ജലപാതയിൽ ഇറാന്റെ നിയന്ത്രണം കൂടുതൽ കർക്കശമാക്കുന്ന പ്രഖ്യാപനമാണിത്. ഇറാനിയൻ നാവികസേനയുമായി കൃത്യമായ ഏകോപനം നടത്താതെ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, മേഖലയിൽ അമേരിക്കൻ സേന നടത്തിയ ആക്രമണം സിവിലിയൻ ബോട്ടുകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന ഗുരുതരമായ ആരോപണവും ഇറാൻ ഉയർത്തിയിട്ടുണ്ട്. ആറ് ഇറാനിയൻ സൈനിക ബോട്ടുകൾ തകർത്തുവെന്ന അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ അവകാശവാദം തള്ളിയ ഇറാൻ, ആക്രമണത്തിന് ഇരയായത് സിവിലിയൻ ചരക്ക് ബോട്ടുകളാണെന്നും ഇതിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായും വ്യക്തമാക്കി.

മേഖലയിലെ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളിൽ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുകയും ചെയ്തു.

നിലവിലെ സൈനിക സമ്മർദ്ദങ്ങളെയും ഉപരോധങ്ങളെയും നേരിടുന്നതിന്റെ ഭാഗമായി ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉറപ്പാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇറാൻ സജീവമാക്കിയിട്ടുണ്ട്.

ഇതിനായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈന സന്ദർശനം ആരംഭിച്ചു. ചൈനീസ് കപ്പലുകൾക്ക് കടലിടുക്കിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ ഇറാൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ചൈനയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള ഒറ്റപ്പെടൽ ഒഴിവാക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357502/iran-says-us-attacked-civilian-boats)