---
title: "മമതയുടെ കോട്ട തകർന്നു;സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സർക്കാർ ശനിയാഴ്ച അധികാരമേൽക്കും"
english_title: "Mamata's stronghold has collapsed; BJP government led by Suvendu Adhikari will take power on Saturday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357480/mamatas-stronghold-has-collapsed-bjp-government-led-by-suvendu-adhikari-will-take-power-on-saturday"
published_at: "2026-05-05T15:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9b9e1eb263_FDGDETRFH.jpg"
keywords: []
---

# മമതയുടെ കോട്ട തകർന്നു;സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സർക്കാർ ശനിയാഴ്ച അധികാരമേൽക്കും

> **Lead Summary:** കൊൽക്കത്ത: **[** പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ പത്തുവർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് പുതിയ ബിജെപി സർക്കാർ ശനിയാഴ്ച അധികാരമേൽക്കും. മെയ് 9 ടാഗോർ ജയന്തി ദിനത്തിൽ കൊൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ.

## Article Content

കൊൽക്കത്ത: **[** പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ പത്തുവർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് പുതിയ ബിജെപി സർക്കാർ ശനിയാഴ്ച അധികാരമേൽക്കും. മെയ് 9 ടാഗോർ ജയന്തി ദിനത്തിൽ കൊൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ.

തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ഏജൻസികളും ചേർന്ന് ജനവിധി അട്ടിമറിച്ചുവെന്ന് മമത ബാനർജി ആരോപിച്ചു. സിസിടിവികൾ ഓഫാക്കിയും ടിഎംസി പ്രതിനിധികളെ കൗണ്ടിംഗ് കേന്ദ്രങ്ങളിൽ തടഞ്ഞും വോട്ട് മോഷണം നടത്തിയെന്നാണ് തൃണമൂലിന്റെ പരാതി.

മമതയുടെ പരാജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ബംഗാളിലെ കോൺഗ്രസ് നേതാക്കൾക്ക് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. മമതയുടെ വാദങ്ങളെ പിന്തുണച്ച രാഹുൽ, വോട്ട് മോഷണം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ആവർത്തിച്ചു. ജനവിധി അംഗീകരിക്കാത്ത മമത അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് ഡൽഹിയിൽ യോഗം ചേരും.

ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് മമതയുടെ വീഴ്ച വലിയ ആഘാതമായി. തൃണമൂലിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ നിരാശയിലാണ്. തൃണമൂൽ സർക്കാരിന്റെ അഴിമതിയാണ് പരാജയത്തിന് കാരണമെന്ന് സമാജ്‌വാദി പാർട്ടിയിൽ തന്നെ അഭിപ്രായമുയർന്നത് പ്രതിപക്ഷ നിരയിലെ ഭിന്നത മറനീക്കി പുറത്തുകൊണ്ടുവന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ബംഗാളിൽ കേന്ദ്രസേനയെ നിലനിർത്തിയിട്ടുണ്ട്. പലയിടത്തും തൃണമൂൽ ഓഫീസുകൾക്ക് നേരെ ആക്രമണം നടന്നതായി പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357480/mamatas-stronghold-has-collapsed-bjp-government-led-by-suvendu-adhikari-will-take-power-on-saturday)