---
title: "ഇനി രക്ഷയില്ല ....!  'രാജിവെക്കണം , മുന്നിൽവരുന്നവരെ കണ്ടാൽ ഒന്നു മിണ്ടാനെങ്കിലും പറ്റണം സഖാവേ':  എം.വി ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രൂക്ഷവിമർശനം"
english_title: "MVGovindan faces severe criticism on social media for his heavy defeat in the assembly elections."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357477/mvgovindan-faces-severe-criticism-on-social-media-for-his-heavy-defeat-in-the-assembly-elections-new"
published_at: "2026-05-05T15:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9b9411754f_MV.jpg"
keywords: []
---

# ഇനി രക്ഷയില്ല ....!  'രാജിവെക്കണം , മുന്നിൽവരുന്നവരെ കണ്ടാൽ ഒന്നു മിണ്ടാനെങ്കിലും പറ്റണം സഖാവേ':  എം.വി ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രൂക്ഷവിമർശനം

> **Lead Summary:** **കൊച്ചി: **നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പാർട്ടി അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പങ്കുവെച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ കമന്റുകളുയർന്നത്.

## Article Content

**കൊച്ചി: **നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പാർട്ടി അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പങ്കുവെച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ കമന്റുകളുയർന്നത്.

എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നാണ് ഭൂരിപക്ഷം കമന്റുകളിലെയും അഭിപ്രായം. പകരം എം. സ്വരാജിനെയും പി. ജയരാജനെയോ പാർട്ടി സെക്രട്ടറിയാക്കണമെന്നും സിപിഎം അനുകൂലികളെന്ന് കരുതുന്നവർ കമന്റുകളിൽ പറയുന്നു.

എം.വി. ഗോവിന്ദൻ സെക്രട്ടറിയായി വൻ പരാജയമാണെന്നും സാമൂഹികമാധ്യമങ്ങളിലെ വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എതിർപ്പുകൾ മറികടന്ന് തളിപ്പറമ്പിൽ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സീറ്റുറപ്പിച്ചതടക്കം എം.വി. ഗോവിന്ദൻ പാർട്ടിയുടെ തോൽവിക്ക് ആക്കംകൂട്ടിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഞാനും ഭാര്യയുമല്ല വരേണ്ടത്, ജനം അംഗീകരിക്കുന്നവരാണ് വരേണ്ടത്, അതല്ലേ പാർട്ടിക്ക് കണ്ണൂരിൽ തിരിച്ചടി ഉണ്ടായത്, നെഞ്ചോട് ചേർത്തുപിടിക്കുന്ന ഈ പാർട്ടിയെ ഇല്ലാതാക്കല്ലേ എന്ന അഭ്യർഥന മാത്രം' എന്നായിരുന്നു പോസ്റ്റിന് താഴെവന്ന ഒരു കമന്റ്.

എം.വി. ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയില്ലെങ്കിൽ ബംഗാളിലെ പാർട്ടിയുടെ അവസ്ഥയാകും വരാനിരിക്കുന്നതെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. 'മുന്നിൽവരുന്നവരെ കണ്ടാൽ ഒന്നു മിണ്ടാനെങ്കിലും പറ്റണം സഖാവേ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അല്ലെങ്കിൽ ഒന്ന് മുഖത്തുനോക്കി ചിരിക്കാനെങ്കിലും ശ്രമിക്കണമെന്നും കമന്റിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357477/mvgovindan-faces-severe-criticism-on-social-media-for-his-heavy-defeat-in-the-assembly-elections-new)