---
title: "'വെളളാപ്പളളിയെപ്പോലുളളവരെ കരുതിയിരിക്കണം, വെളളാപ്പളളിയുമായുളള ബന്ധമാണ് പിണറായിക്ക് തിരിച്ചടിയായത് ' - വി.എം. സുധീരൻ"
english_title: "Senior Congress leader VM Sudheeran issued a warning to the new government."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357465/senior-congress-leader-vm-sudheeran-issued-a-warning-to-the-new-government-new"
published_at: "2026-05-05T14:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9b40800bbe_fj.jpg"
keywords: []
---

# 'വെളളാപ്പളളിയെപ്പോലുളളവരെ കരുതിയിരിക്കണം, വെളളാപ്പളളിയുമായുളള ബന്ധമാണ് പിണറായിക്ക് തിരിച്ചടിയായത് ' - വി.എം. സുധീരൻ

> **Lead Summary:** **തിരുവനന്തപുരം: ** അധികാരത്തിലെത്തുന്ന പുതിയ സർക്കാരിന് കനത്ത ജാഗ്രതാ നിർദ്ദേശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വെളളാപ്പളളി നടേശനെപ്പോലുളളവരെ കരുതിയിരിക്കണമെന്നും അധികാരത്തിലെത്തുമ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ സ്വാധീനിക്കാനും പ്രീതിപ്പെടുത്താനും ശ്രമിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: ** അധികാരത്തിലെത്തുന്ന പുതിയ സർക്കാരിന് കനത്ത ജാഗ്രതാ നിർദ്ദേശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വെളളാപ്പളളി നടേശനെപ്പോലുളളവരെ കരുതിയിരിക്കണമെന്നും അധികാരത്തിലെത്തുമ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ സ്വാധീനിക്കാനും പ്രീതിപ്പെടുത്താനും ശ്രമിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.

വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ അധികാരികളെ സ്വാധീനിച്ച് സ്വന്തം കാര്യം നേടാന്‍ ശ്രമിക്കുന്നവരാണ്. അവരുടെ കെണിയില്‍ വീഴരുതെന്നും അത്തരക്കാരെ കരുതലോടെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വെളളാപ്പളളിയുമായുളള ബന്ധമാണ് പിണറായിക്ക് തിരിച്ചടിയായതെന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലുണ്ടായത് ഭരണവിരുദ്ധ വികാരത്തിന്റെ തരംഗമാണ്. എല്‍ഡിഎഫ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പതനമാണ്. വെറും പറച്ചിലിലൊതുക്കാതെ സിപിഐഎം ഗൗരവമായി പരിശോധിക്കണം.

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും അമ്പലപ്പുഴയിലെയും പരാജയങ്ങള്‍ സിപിഐഎമ്മിന്റെ കണ്ണുതുറപ്പിക്കണം. അണികളോടും ജനങ്ങളോടും പരസ്യമായി സിപിഐഎം മാപ്പ് പറയണം. തെറ്റ് തിരുത്തിയില്ലെങ്കില്‍ ബംഗാളിലെ അവസ്ഥയാവും കേരളത്തിലെന്നും സുധീരന്‍  പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഫ്‌ളക്‌സ് പോരാട്ടങ്ങള്‍ ഒഴിവാക്കണം. മികച്ച വിജയം നല്‍കിയ ജനങ്ങളെ കോണ്‍ഗ്രസ് നിരാശപ്പെടുത്തരുത്. മുകള്‍ത്തട്ടില്‍ ഉള്ളവരും താഴെത്തട്ടില്‍ ഉള്ളവരും അതിന് മുതിരരുതെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357465/senior-congress-leader-vm-sudheeran-issued-a-warning-to-the-new-government-new)