---
title: "'പ്രതീക്ഷയുടെ ഒരു തുരുത്തായി ഇടതുപക്ഷം എന്നും ഇവിടെയുണ്ടാകും, ഇടതുപക്ഷത്തോടൊപ്പം നിന്ന മുഴുവൻ ജനങ്ങൾക്കും അഭിവാദ്യങ്ങൾ'- കെ.കെ രാഗേഷ്"
english_title: "CPM Kannur District Secretary kk rageshs facebook post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357353/cpm-kannur-district-secretary-kk-rageshs-facebook-post"
published_at: "2026-05-05T08:37:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f95f5b09869_kk_rakesh.jpg"
keywords: []
---

# 'പ്രതീക്ഷയുടെ ഒരു തുരുത്തായി ഇടതുപക്ഷം എന്നും ഇവിടെയുണ്ടാകും, ഇടതുപക്ഷത്തോടൊപ്പം നിന്ന മുഴുവൻ ജനങ്ങൾക്കും അഭിവാദ്യങ്ങൾ'- കെ.കെ രാഗേഷ്

> **Lead Summary:** **കണ്ണൂര്‍: ( **[www.truevisionnews.com]** ) ** എൽഡിഎഫ് തിളക്കമാര്‍ന്ന വിജയം പ്രതീക്ഷിച്ചുവെങ്കിലും ജനങ്ങളുടെ വിധിയെഴുത്ത് മറ്റൊന്നായിരുന്നുവെന്നും ജനവിധിയെ മാനിക്കുന്നുവെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട് തുടർന്നും മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**കണ്ണൂര്‍: ( **[www.truevisionnews.com]** ) ** എൽഡിഎഫ് തിളക്കമാര്‍ന്ന വിജയം പ്രതീക്ഷിച്ചുവെങ്കിലും ജനങ്ങളുടെ വിധിയെഴുത്ത് മറ്റൊന്നായിരുന്നുവെന്നും ജനവിധിയെ മാനിക്കുന്നുവെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട് തുടർന്നും മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

**ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം**

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി സമാനതകളില്ലാത്ത വികസന-ക്ഷേമപ്രവർത്തനങ്ങളുടെ അഭിമാനകരമായ നേട്ടങ്ങൾ രാജ്യത്തിനുമുമ്പിൽ ഉയർത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളം. പ്രതിസന്ധികളുടെ പരമ്പരതന്നെ നമുക്ക് നേരിടേണ്ടിവന്നു.

ജനങ്ങൾ തന്ന കരുത്തിൽ എല്ലാം അതിജീവിച്ച് ചരിത്രത്തിലാദ്യമായി എൽഡിഎഫ് തുടർഭരണവും നേടി. ഇത്തരമൊരു പശ്ചാത്തലത്തിൽ തിളക്കമാർന്ന ഒരു വിജയം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതീക്ഷിച്ചുവെങ്കിലും ജനങ്ങളുടെ വിധിയെഴുത്ത് മറ്റൊന്നായിരുന്നു.

ജനവിധി മാനിക്കുന്നു. ഇടതുപക്ഷത്തിന്‍റെ ശരികളെ രാജ്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. ഇന്ത്യ ഗവൺമെന്‍റിന്‍റെ ജനവിരുദ്ധനയങ്ങൾ രാജ്യത്തെ അപകടകരമാംവിധം വരിഞ്ഞുമുറുക്കുമ്പോൾ ആ ശരികളെ രാജ്യം ചർച്ച ചെയ്യുന്നുണ്ട്. പ്രതീക്ഷയുടെ ഒരു തുരുത്തായി ഇടതുപക്ഷം എന്നും ഇവിടെയുണ്ടാകും.

ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട് തുടർന്നും മുന്നോട്ടുപോകും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് പരിശോധിക്കും. ദൗർബല്യങ്ങൾ പരിഹരിക്കും, തിരുത്തേണ്ടവ തിരുത്തും. ഇടതുപക്ഷത്തോടൊപ്പം നിന്ന മുഴുവൻ ജനങ്ങൾക്കും അഭിവാദ്യങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357353/cpm-kannur-district-secretary-kk-rageshs-facebook-post)