---
title: "മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും"
english_title: "Congress to enter cabinet discussions Communal considerations and seniority will be the criteria"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357347/congress-to-enter-cabinet-discussions-communal-considerations-and-seniority-will-be-the-criteria"
published_at: "2026-05-05T07:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9555706e48_congress.jpg"
keywords: []
---

# മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും

> **Lead Summary:** തിരുവനന്തപുരം: കേരളത്തിലെ മഹാവിജയത്തിന് ശേഷം മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. സാമുദായിക പരിഗണനകളും സീനിയോറിറ്റിയുമാണ് പ്രധാനമായും മാനദണ്ഡമാവുക. സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, എൻ ശക്തൻ എന്നീ സീനിയർ നേതാക്കളെ ക്യാബിനറ്റിലേക്ക് പരിഗണിക്കും.

## Article Content

തിരുവനന്തപുരം: കേരളത്തിലെ മഹാവിജയത്തിന് ശേഷം മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. സാമുദായിക പരിഗണനകളും സീനിയോറിറ്റിയുമാണ് പ്രധാനമായും മാനദണ്ഡമാവുക. സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, എൻ ശക്തൻ എന്നീ സീനിയർ നേതാക്കളെ ക്യാബിനറ്റിലേക്ക് പരിഗണിക്കും.

കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ എന്നിവരും മന്ത്രിമാരായേക്കും. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനും എറണാകുളത്തുനിന്ന് മാത്യു കുഴൽനാടനും സാധ്യതയുണ്ട്.

ലത്തീൻ പ്രതിനിധിയായി ടി ജെ വിനോദോ എം വിൻസെന്‍റോ എത്തും. വനിതാ നേതാക്കളിൽ ബിന്ദു കൃഷ്‌ണയും ഷാനിമോൾ ഉസ്മാനും മന്ത്രി സാധ്യതാ പട്ടികയിൽ ഉണ്ട്. വയനാട്ടിൽ നിന്ന് ടി സിദ്ദിഖും സാധ്യത പട്ടികയിലുണ്ട്. സിപിഎം വിട്ടുവന്ന നേതാക്കളെ തൽക്കാലം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ല.

ഒരു എംഎൽഎ മാത്രമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനും കോൺഗ്രസിൽ ആലോചനയുണ്ട്. എട്ടിൽ ഏഴ് സീറ്റിലും വിജയിച്ചതോടെ രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.

കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357347/congress-to-enter-cabinet-discussions-communal-considerations-and-seniority-will-be-the-criteria)