---
title: "മമതയില്ലാതെ ബംഗാൾ, പതിനഞ്ചു വർഷത്തെ ടിഎംസി ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിലേക്ക്"
english_title: "BJP comes to power ending fifteen years of TMC rule"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357342/bjp-comes-to-power-ending-fifteen-years-of-tmc-rule"
published_at: "2026-05-05T06:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9431ac3f73_mamtha_banrjee.jpg"
keywords: []
---

# മമതയില്ലാതെ ബംഗാൾ, പതിനഞ്ചു വർഷത്തെ ടിഎംസി ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിലേക്ക്

> **Lead Summary:** കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനഞ്ചു വർഷത്തെ മമത യുഗത്തിന് അന്ത്യം കുറിച്ച് ബിജെപി ആദ്യമായി അധികാരത്തിലേക്ക്. 205 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ തൃണമൂൽ മുന്നിലുള്ളത് 82 മണ്ഡലങ്ങളിൽ മാത്രമാണ്. അതേസമയം പുറത്തുവരുന്ന ഫലങ്ങൾ ശരിയല്ലെന്നും പ്രവർത്തകർ വോട്ടെണ്ണലിൽ കേന്ദ്രങ്ങൾ വിട്ടുപോകരുതെന്നും മുഖ്യമന്ത്രി മമതാ ബാനർജി ആഹ്വാനം ചെയ്തു. കോൺഗ്രസും സിപിഐഎമ്മും രണ്ടു സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.

## Article Content

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനഞ്ചു വർഷത്തെ മമത യുഗത്തിന് അന്ത്യം കുറിച്ച് ബിജെപി ആദ്യമായി അധികാരത്തിലേക്ക്. 205 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ തൃണമൂൽ മുന്നിലുള്ളത് 82 മണ്ഡലങ്ങളിൽ മാത്രമാണ്. അതേസമയം പുറത്തുവരുന്ന ഫലങ്ങൾ ശരിയല്ലെന്നും പ്രവർത്തകർ വോട്ടെണ്ണലിൽ കേന്ദ്രങ്ങൾ വിട്ടുപോകരുതെന്നും മുഖ്യമന്ത്രി മമതാ ബാനർജി ആഹ്വാനം ചെയ്തു. കോൺഗ്രസും സിപിഐഎമ്മും രണ്ടു സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.

2011 ൽ 34 വർഷത്തെ ഇടതു ഭരണത്തിനു അന്ത്യം കുറിച്ച മമത ബാനർജിക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം കാലിടറുകയാണ്. വടക്കൻ ബംഗാളിനു പുറമെ തൃണമൂൽ സ്വാധീനശക്തിയാക്കി വച്ചിരുന്ന തെക്കൻ ബംഗാളിലേക്കു കൂടി കടന്നു കയറിയതോടെ നാലാം ഊഴമില്ലാതെ മമതാ ബാനർജി മടങ്ങി.

ഡാർജലിംഗ്, അലിപുർദ്വാർ, കൂച്ബിഹാർ, തുടങ്ങി വടക്കൻ ബംഗാളിൽ ബിജെപി നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. 54 മണ്ഡലങ്ങളിൽ 43 ലും ബിജെപി നേടി. 

തെക്കൻ ബംഗാളിലേക്ക് എത്രമാത്രം കടന്നു കയറാൻ കഴിയും എന്നതിനെ ആശ്രയിച്ചായിരുന്നു ബിജെപിയുടെ സാധ്യത. കൊൽക്കത്ത ഉൾപ്പെടെ തെക്കൻ ബംഗാളിലെ പ്രസിഡൻസി റീജിയനിലേക്കും ന്യൂനപക്ഷ സ്വാധീന മേഖലയിലേക്കും ബിജെപി ഇരച്ചു കയറി. പുരുലിയ, ബാങ്കുര,ജാർഗ്രാം തുടങ്ങിയ ജില്ലകളിലും ബിജെപി ആധിപത്യമുറപ്പിച്ചു. ഇതോടെ കാലങ്ങളായി കാത്തിരുന്ന വിജയം ബിജെപിക്ക് സ്വന്തം.

സ്ത്രീ വോട്ടർമാർ ആയിരുന്നു എല്ലാ കാലത്തും മമതയുടെ നട്ടെല്ല്. ഇത്തവണ അതു ലക്ഷ്യം വച്ചുള്ള നീക്കങ്ങളും ബിജെപിക്ക് ഗുണം ചെയ്തു. സ്ത്രീകൾക്ക് നേരെയുണ്ടായ അക്രമങ്ങളും മുതൽ വനിതാ ബില്ലിനെ എതിർത്തത് വരെ ആയുധമാക്കി. ഇതിനെല്ലാം പുറമെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ബംഗാൾ ജനവിധിയിൽ നിർണായകമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357342/bjp-comes-to-power-ending-fifteen-years-of-tmc-rule)