---
title: "ഷൈലജ ടീച്ചർക്ക് കാലിടറി;  ഭൂരിപക്ഷത്തില്‍ 11,281 വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച് സണ്ണി ജോസഫ്"
english_title: "Sunny Joseph increases his majority by 11,281 votes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357302/sunny-joseph-increases-his-majority-by-11281-votes"
published_at: "2026-05-04T17:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f88cf79be9e_sunny.jpg"
keywords: []
---

# ഷൈലജ ടീച്ചർക്ക് കാലിടറി;  ഭൂരിപക്ഷത്തില്‍ 11,281 വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച് സണ്ണി ജോസഫ്

> **Lead Summary:** **കണ്ണൂര്‍: **പേരാവൂര്‍ മണ്ഡലത്തില്‍ ഉജ്ജ്വല വിജയം നേടി കെപിസിസി അദ്ധ്യക്ഷനും സിറ്റിംഗ് എംഎല്‍എയുമായ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. മട്ടന്നൂരില്‍ നിന്ന് മാറി മത്സരിക്കാനെത്തിയ മുന്‍ മന്ത്രി കെ കെ ഷൈലജയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

## Article Content

**കണ്ണൂര്‍: **പേരാവൂര്‍ മണ്ഡലത്തില്‍ ഉജ്ജ്വല വിജയം നേടി കെപിസിസി അദ്ധ്യക്ഷനും സിറ്റിംഗ് എംഎല്‍എയുമായ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. മട്ടന്നൂരില്‍ നിന്ന് മാറി മത്സരിക്കാനെത്തിയ മുന്‍ മന്ത്രി കെ കെ ഷൈലജയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

14,453 വോട്ടുകള്‍ക്കാണ് സണ്ണി ജോസഫിന്റെ വിജയം. കഴിഞ്ഞ തവണ 3,172 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ 11,281 വോട്ടുകള്‍ വര്‍ദ്ധിപ്പിച്ചാണ് സണ്ണി ജോസഫിന്റെ വമ്പന്‍ വിജയം. കഴിഞ്ഞ തവണ മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് കെ കെ ശൈലജ വിജയിച്ചത്.

കെപിസിസി അദ്ധ്യക്ഷനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ കെ കെ ശൈലജ തന്നെ ഇവിടെ മത്സരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മണ്ഡലം മാറി മത്സരിക്കാനെത്തിയത്.

ഇതോടെ സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കുന്ന മത്സരമായി പേരാവൂരിലെ തെരഞ്ഞെടുപ്പ് മാറിയിരുന്നു. അട്ടിമറി സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നായിരുന്നു ഇടത് ക്യാമ്പുകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍. എന്നാല്‍ കെ കെ ശൈലജയ്ക്ക് സണ്ണി ജോസഫിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഭൂരിപക്ഷം കുത്തനെ ഉയരുകയും ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ വലിയ പരാജയമാണ് കെ കെ ശൈലജ നേരിട്ടത്. പേരാവൂരിലും കെ കെ ശൈലജ പരാജയപ്പെട്ടത് വലിയ ഞെട്ടലാണ് ഇടതുപക്ഷത്തുണ്ടാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357302/sunny-joseph-increases-his-majority-by-11281-votes)