---
title: "ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത, അതീവ ജാഗ്രതാ നിർദ്ദേശം"
english_title: "Strong earthquake hits Philippines; 6.0 magnitude on Richter scale, high alert issued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357299/strong-earthquake-hits-philippines-60-magnitude-on-richter-scale-high-alert-issued"
published_at: "2026-05-04T17:26:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f889ba5c449_6.jpg"
keywords: []
---

# ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത, അതീവ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** മനില : ഫിലിപ്പൈൻസിലെ സമർ ദ്വീപിൽ തിങ്കളാഴ്ച ഉച്ചയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു.

## Article Content

മനില : ഫിലിപ്പൈൻസിലെ സമർ ദ്വീപിൽ തിങ്കളാഴ്ച ഉച്ചയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു.

തീരദേശ നഗരമായ സാൻ ജൂലിയനിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെ, ഭൂമിക്കടിയിൽ 73.3 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 2.09-ഓടെയാണ് പ്രദേശവാസികളെ പരിഭ്രാന്തരാക്കി ശക്തമായ പ്രകമ്പനം ഉണ്ടായത്.

ഭൂചലനം ശക്തവും പെട്ടെന്നുള്ളതുമായിരുന്നുവെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചു.

ഫർണിച്ചറുകൾ ഉൾപ്പെടെ നീങ്ങുന്ന നിലയിലുള്ള ശക്തമായ വിറയലാണ് ഉണ്ടായതെങ്കിലും പരിക്കുകളോ മറ്റ് വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർചലനങ്ങളെ ഭയന്ന് ജനങ്ങൾ കെട്ടിടങ്ങൾക്ക് പുറത്താണ്.

തീവ്രമായ ഭൂകമ്പ സാധ്യതയുള്ള പസഫിക് റിംഗ് ഓഫ് ഫയർ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പൈൻസിൽ ഭൂചലനങ്ങൾ പതിവാണ്. ഒക്‌ടോബറിൽ കിഴക്കൻ മിൻഡാനാവോയിലുണ്ടായ ശക്തമായ രണ്ട് ഭൂചലനങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. സെബു പ്രവിശ്യയിൽ നേരത്തെയുണ്ടായ ഭൂകമ്പത്തിൽ 76 പേർ കൊല്ലപ്പെടുകയും 72,000ത്തോളം വീടുകൾ തകരുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ അധികൃതർ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357299/strong-earthquake-hits-philippines-60-magnitude-on-richter-scale-high-alert-issued)