---
title: "സിപിഎം കോട്ടകളെ ജനങ്ങൾ തിരുത്തി; പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വിമതരുടെ ജയം"
english_title: "Rebels win in Payyannur Taliparamba and Ambalapuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357282/rebels-win-in-payyannur-taliparamba-and-ambalapuzha"
published_at: "2026-05-04T16:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f87a26ebaa5_3.jpg"
keywords: []
---

# സിപിഎം കോട്ടകളെ ജനങ്ങൾ തിരുത്തി; പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വിമതരുടെ ജയം

> **Lead Summary:** തിരുവനന്തപുരം : സിപിഎമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വിമതര്‍ക്ക് ജയം. പാർട്ടിയെ തിരുത്താൻ വന്നവരെ കൈകാര്യം ചെയ്ത് ശീലമുള്ള സിപിഎമ്മിനെ ഇത്തവണ വിമതർ ശരിക്കും തിരുത്തി.

## Article Content

തിരുവനന്തപുരം : സിപിഎമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വിമതര്‍ക്ക് ജയം. പാർട്ടിയെ തിരുത്താൻ വന്നവരെ കൈകാര്യം ചെയ്ത് ശീലമുള്ള സിപിഎമ്മിനെ ഇത്തവണ വിമതർ ശരിക്കും തിരുത്തി.

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ ഹൃദയ ഭൂമിയിലെ മൂന്ന് സീറ്റുകൾ പിടിച്ചെടുത്തത് സിപിഎമ്മിന്റെ ഉന്നത പദവികൾ വഹിച്ച മൂന്ന് നേതാക്കളാണ്. എം വി രാഘവന് പോലും സൃഷ്ടിക്കാൻ കഴിയാതിരുന്ന ചലനമാണ് ഇത്തവണ സംസ്ഥാനത്ത് മൂന്ന് നേതാക്കൾ ചേർന്ന് ഉണ്ടാക്കിയത്. എല്ലാവരും പാർട്ടിയെ തിരുത്താൻ ഇറങ്ങിയവർ.

സിപിഎം പുറത്താക്കിയവരും സ്വയം വിട്ടുപോയവരും ഏറെയുണ്ട്. അതിന് വലുപ്പച്ചെറുപ്പമില്ല, പ്രവർത്തകരും നേതാക്കളുമുണ്ട്. പാർട്ടിയുടെ വഴിതെറ്റിയുള്ള നീക്കത്തെ ചോദ്യം ചെയ്തവർ. പിടിവാശി കൊണ്ട് അവരെ കൈകാര്യം ചെയ്യാമെന്ന് കരുതിയ സിപിഎമ്മിന് ഇത്തവണ തെറ്റി. അതിൽ ഏറ്റവും പ്രധാനം പയ്യന്നൂരിലെ കുഞ്ഞികൃഷ്ണന്റെ ജയമാണ്. രക്തസാക്ഷി ഫണ്ട് വെട്ടിച്ചു എന്ന് ആരോപിച്ച് പാർട്ടിയെ കയ്യടക്കിയ എംഎൽഎയ്ക്കെതിരെ രംഗത്തുവന്ന കുഞ്ഞികൃഷ്ണനെ വിരട്ടിയും അപമാനിച്ചും ആക്ഷേപിച്ചും ഇല്ലാതാക്കാമെന്ന് കരുതിയ സിപിഎമ്മിന് തെറ്റി.

ആരോപണ വിധേയനായ എംഎൽഎയെ വീണ്ടും സ്ഥാനാർത്ഥിയാക്കി ഒരിഞ്ച് പിന്നോട്ടില്ല എന്ന ധാർഷ്ട്യം പ്രകടിപ്പിച്ചു. പാർട്ടി കോട്ടയിൽ നിന്ന് മാത്രം 25000 വോട്ടുകളാണ് കുഞ്ഞികൃഷ്ണൻ ചോർത്തിയത്. ഇതാണ് യഥാർത്ഥ തിരുത്ത്. കുഞ്ഞികൃഷ്ണൻ പറഞ്ഞ സത്യങ്ങൾക്കാണ് പാർട്ടി നേതാക്കളുടെ അഴകുടമ്പൻ മറുപടികളെക്കാൾ വിശ്വാസ്യതെന്ന് ജനം അടിവരയിട്ടു.

മരുമോനിസം എന്ന വലിയ വിവാദം ഉണ്ടായതിനി ശേഷം സ്വന്തം സീറ്റ് ഭാര്യക്ക് തീറെഴുതിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പടയൊരുക്കം നടത്തി പുറത്തുവന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദൻ സിപിഎമ്മിന് നൽകിയ പ്രഹരം ഒരുപക്ഷേ പിണറായി എതിർക്കുന്ന സകല നേതാക്കൾക്കും ഉള്ളിൽ സന്തോഷം നൽകുന്ന ഒരു വലിയ വിജയമാണ്.

ഗോവിന്ദൻ പിണറായി അച്ചുതണ്ടിന് എതിരായ സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരം കൂടിയാണ് അതെന്ന് വിലയിരുത്തണം. അമ്പലപ്പുഴയിലെ ജി സുധാകരന്റെ വിജയവും ജനകീയ നേതാക്കളെ വെട്ടിനിരത്താറുള്ള സിപിഎം ശൈലിക്കെതിരായ ഒരു മുന്നറിയിപ്പാണ്. അതിലുപരിയായി അഴിമതിക്കും തൻകാര്യത്തിനും പാർട്ടിയെ ദുരുപയോഗം ചെയ്യുന്ന നേതാക്കളുടെ സ്വീകാര്യതയാണ് സുധാകരൻ ചോദ്യം ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357282/rebels-win-in-payyannur-taliparamba-and-ambalapuzha)