---
title: "ടി.പിയുടെ മണ്ണിൽ ചരിത്ര വിജയം: 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആധിപത്യം നിലനിർത്തി കെ.കെ. രമ"
english_title: "KKRama maintained his dominance with a majority of 4,862 votes."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357277/kkrama-maintained-his-dominance-with-a-majority-of-4862-votes-new"
published_at: "2026-05-04T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f873b6e3b91_KKRAMA.jpg"
keywords: []
---

# ടി.പിയുടെ മണ്ണിൽ ചരിത്ര വിജയം: 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആധിപത്യം നിലനിർത്തി കെ.കെ. രമ

> **Lead Summary:** **വടകര: **രാഷ്ട്രീയ കേരളം ഏറ്റവും കൂടുതൽ ആകാംക്ഷയോടെ ഉറ്റുനോക്കിയ വടകര മണ്ഡലത്തിൽ ആധിപത്യം നിലനിർത്തി കെ.കെ. രമ. യുഡിഎഫ്-ആർഎംപി സ്ഥാനാർത്ഥിയായി ജനവിധി തേടിയ കെ.കെ. രമ 14,862 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. കെ കെ രമ 70117 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്‍കരൻ 55255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ കെ ദിലീപ് 14295 വോട്ടുകളും നേടി.

## Article Content

**വടകര: **രാഷ്ട്രീയ കേരളം ഏറ്റവും കൂടുതൽ ആകാംക്ഷയോടെ ഉറ്റുനോക്കിയ വടകര മണ്ഡലത്തിൽ ആധിപത്യം നിലനിർത്തി കെ.കെ. രമ. യുഡിഎഫ്-ആർഎംപി സ്ഥാനാർത്ഥിയായി ജനവിധി തേടിയ കെ.കെ. രമ 14,862 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. കെ കെ രമ 70117 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്‍കരൻ 55255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ കെ ദിലീപ് 14295 വോട്ടുകളും നേടി.

തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടറിഞ്ഞ് കൃത്യമായ രാഷ്ട്രീയ മത്സരം നടന്ന മണ്ഡലമാണ് വടകര. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോഷ്യലിസ്റ്റുകൾക്കും വളക്കൂറുള്ള മണ്ണ് 2021ലെ തെരഞ്ഞെടുപ്പിൽ ആർഎംപിഐ - യുഡിഎഫ് സഖ്യത്തിന്റെ വിജയത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്.

2012-ലെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വലിയ തോതിൽ തിരിച്ചടിയായിരുന്നു സിപിഎമ്മിനും എൽഡിഎഫ് സ്ഥാനാർഥിക്കും വടകരയിൽ നേരിടേണ്ടി വന്നത്. അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച രമക്ക് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 7,491 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല മുന്നേറ്റം നടത്തുന്നതിനിടെ, ഈ വിജയത്തെ ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുള്ള കാവ്യനീതിയായി വിശേഷിപ്പിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ പതിനാലാം ഓർമ്മദിനത്തിൽ തന്നെ ഇത്തരമൊരു ജനവിധി വന്നത് ചരിത്രപരമായ നിയോഗമാണെന്ന് കെ.കെ. രമ .

> "ഇതൊരു ചരിത്രമാണ്, ഇന്നത്തെ ദിവസം മെയ് 4, ടി.പിയുടെ പതിനാലാം രക്തസാക്ഷി ദിനമാണ്. യാദൃശ്ചികമെന്നു തോന്നാമെങ്കിലും ഒരു വലിയ കാവ്യനീതിയായി . ഈ ദിനം തന്നെ ജനവിധി വന്നുചേർന്നു. ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും, അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ടെന്നും രമ പറഞ്ഞു .

പിണറായിസത്തിന്, കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്, എതിർ ശബ്ദങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ കൂടി ജനം വിധിയെഴുതിയിരിക്കുകയാണ് . ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെയെത്തുമെന്നത് ഞങ്ങൾ അന്നേ പറഞ്ഞതാണ് .

വോട്ടെടുപ്പ് ദിവസം മുതൽ തന്നെ ജനങ്ങൾക്കിടയിൽ വലിയൊരു മാറ്റം ദൃശ്യമായിരുന്നു. പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ആളുകൾ അതിരാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു. ആ ജനവിരുദ്ധ വികാരമാണ് ഇപ്പോൾ ഫലമായി പുറത്തുവരുന്നത്. ഈ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച പ്രവർത്തകർക്കും തന്നോടൊപ്പം നിന്ന ഓരോ വോട്ടർമാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357277/kkrama-maintained-his-dominance-with-a-majority-of-4862-votes-new)