---
title: " 'വഴിയേ പോയ ആരുടെയോ പരാതിയുണ്ട്, വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം സസ്പെൻഷൻ'- അച്ചടക്ക നടപടിയിൽ എൻ പ്രശാന്ത് ഐഎഎസ്"
english_title: "government system interest protection intervention en prashanth ias statement governance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357103/government-system-interest-protection-intervention-en-prashanth-ias-statement-governance"
published_at: "2026-05-04T06:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7efca03387_prasanth_sivan_ias.jpg"
keywords: []
---

#  'വഴിയേ പോയ ആരുടെയോ പരാതിയുണ്ട്, വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം സസ്പെൻഷൻ'- അച്ചടക്ക നടപടിയിൽ എൻ പ്രശാന്ത് ഐഎഎസ്

> **Lead Summary:** തിരുവനന്തപുരം: സർക്കാർ വീണ്ടും അച്ചടക്ക നടപടിയെടുത്തതിൽ പ്രതികരണവുമായി എൻ പ്രശാന്ത് ഐഎഎസ്. അച്ചടക്ക നടപടിയുടെ കാര്യ കാരണങ്ങളൊന്നും ഇതുവരെ പറഞ്ഞട്ടില്ലയെന്നും ബി അശോകിന്റെ സസ്പെൻഷൻ ഓർഡർ അതേപടി പകർത്തി വെച്ചിരിക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ തവണത്ത സസ്പെൻഷൻ ഓർഡറിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തേതിൽ പരാതി ഉണ്ട്. കഴിഞ്ഞ തവണ ആർക്കും പരാതി ഇല്ലായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.

## Article Content

തിരുവനന്തപുരം: സർക്കാർ വീണ്ടും അച്ചടക്ക നടപടിയെടുത്തതിൽ പ്രതികരണവുമായി എൻ പ്രശാന്ത് ഐഎഎസ്. അച്ചടക്ക നടപടിയുടെ കാര്യ കാരണങ്ങളൊന്നും ഇതുവരെ പറഞ്ഞട്ടില്ലയെന്നും ബി അശോകിന്റെ സസ്പെൻഷൻ ഓർഡർ അതേപടി പകർത്തി വെച്ചിരിക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ തവണത്ത സസ്പെൻഷൻ ഓർഡറിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തേതിൽ പരാതി ഉണ്ട്. കഴിഞ്ഞ തവണ ആർക്കും പരാതി ഇല്ലായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.

ജയതിലകിന്റെ വിഷമം പരിഹരിക്കാനായിരുന്നു ആദ്യ നടപടി. ഇപ്പോഴത്തേതിൽ വഴിയേ പോയ ആരുടെയോ പരാതിയുണ്ട്. അത് നിയമപരമായി നിലനിൽക്കില്ല. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് നോട്ടീസ് ഒന്നും നൽയിട്ടില്ല. ആരാണ് ഇത് ഉപദേശിക്കുന്നത് എന്നൊന്നും മനസിലാകുന്നില്ല.

ചിലരുടെ വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം സസ്പെൻഷൻ. ഇവിടെ തീരുമാനം എടുക്കുന്നത് ഒന്നോ രണ്ടോ വ്യക്തികളാണ്. തങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ശരിക്കും മുഖ്യമന്ത്രി ആണ്. തനിക്ക് കോടതിയിൽ പോയി യുദ്ധം ചെയ്ത് സർക്കാരിനെ തിരുത്തേണ്ട ആവശ്യം ഇല്ലെന്നും പ്രശാന്ത് പറഞ്ഞു.

തനിക്ക് എതിരെ എട്ട് അച്ചടക്ക നടപടിയാണുള്ളത്. ഹൈക്കോടതി വിധി ഫേസ്ബുക്കിൽ ഇട്ടാൽ അതിനെതിരെ വരെ നടപടി ഉണ്ടായി. സർക്കാരിന് ഉള്ളിൽ ഒരു ലോബി ഉണ്ട്. സർക്കാർ മാറി വരുമ്പോൾ നടപടി മാറുകയാണെങ്കിൽ അത് മോശമാണ്. നീതി ലഭിക്കണമെങ്കിൽ സർക്കാർ മാറണം എന്നത് മോശമാണ്.

മുകളിൽ നിന്നുള്ളവരുടെ നിർദേശം എഴുതാനല്ല റിവ്യൂ കമ്മറ്റി ഉള്ളത്. അങ്ങനെ എങ്കിൽ അവർ ആ പണിക്ക് യോഗ്യരല്ല. ഹിയറിങ് നടത്താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഒന്നരവർഷമായി അത് പരിഗണിച്ചിട്ടില്ല. പക്ഷെ നടപടികൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ പോയി തിരിച്ചുവന്ന് സർക്കാരിനെ സേവിക്കാൻ താൽപര്യമില്ല.

ഒരു ജോലിയായാണ് താൻ ഇതിനെ കാണുന്നത്. സർക്കാർ സംവിധാനത്തിൽ പല താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഇടപെടലുകൾ ഉണ്ട്. എസ് സി/എസ് ടി വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ ഫയലുകൾ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. താൻ പരിഗണിച്ചിരുന്ന ഫയൽ വെബ്സൈറ്റിൽ കൃത്രിമം നടത്തി പിൻവലിച്ചുവെന്നും പ്രശാന്ത് ആരോപിച്ചു.

ഇന്നലെ രാത്രിയിലായിരുന്നു പ്രശാന്തിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത്. സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പുതിയ നടപടി. പ്രശാന്ത് നിലവില്‍ സസ്പെസന്‍ഷനിലാണ്. എട്ടാം തവണയാണ് അച്ചടക്ക നടപടി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പ്രശാന്തിനെതിരെ എട്ടാമത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് പ്രശാന്തിന് നോട്ടീസ് നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357103/government-system-interest-protection-intervention-en-prashanth-ias-statement-governance)