---
title: "ഭരണകിരീടം ആർക്ക്....! നെഞ്ചിടിപ്പോടെ മുന്നണികൾ, ജനവിധി കാത്ത് കേരളം ഉൾപ്പെടെയുള്ള  അഞ്ച് സംസ്ഥാനങ്ങൾ "
english_title: "assembly election results 2026 vote counting day today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357100/assembly-election-results-2026-vote-counting-day-today"
published_at: "2026-05-04T05:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7e7c4264a7_election_day.jpg"
keywords: []
---

# ഭരണകിരീടം ആർക്ക്....! നെഞ്ചിടിപ്പോടെ മുന്നണികൾ, ജനവിധി കാത്ത് കേരളം ഉൾപ്പെടെയുള്ള  അഞ്ച് സംസ്ഥാനങ്ങൾ 

> **Lead Summary:** തിരുവനന്തപുരം: ഒരു മാസം നീണ്ട പ്രചാരണങ്ങൾക്കും തെരഞ്ഞെടുപ്പിനും ഒടുവിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭരണകിരീടം ആർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ജനവിധി കാത്തിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: ഒരു മാസം നീണ്ട പ്രചാരണങ്ങൾക്കും തെരഞ്ഞെടുപ്പിനും ഒടുവിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭരണകിരീടം ആർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ജനവിധി കാത്തിരിക്കുന്നത്.

രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. ആദ്യഫല സൂചന പതിനഞ്ച് മിനിറ്റിനുള്ളിൽ പുറത്തുവരും. സംസ്ഥാനത്ത് 43 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 43,140 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. 140 റിട്ടേണിംഗ് ഓഫീസർമാർ, 1,340 അധിക റിട്ടേണിംഗ് ഓഫീസർമാർ, 4,208 മൈക്രോ ഒബ്സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 15,464 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

നടപടിക്രമത്തിന്റെ ഭാഗമായി, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യൂണിറ്റുകളും സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ, സുരക്ഷാ ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ തുറക്കും.

മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 1.36 ശതമാനം വരുന്ന പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണും. ഇതിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ റൗണ്ടിലും പരമാവധി 14 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകൾ എണ്ണും. ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ഒരു ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും ഇവിഎമ്മിലെ കണക്കുകളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 25 കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം ശക്തമായ നിരീക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357100/assembly-election-results-2026-vote-counting-day-today)