---
title: "നീറ്റ് പരീക്ഷ എഴുതാൻ പോകുന്നതിനിടെ അപകടം; പരീക്ഷ മുടങ്ങിയ വിഷമത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു"
english_title: "Accident while going to write NEET exam, student collapses in distress over exam cancellation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357085/accident-while-going-to-write-neet-exam-student-collapses-in-distress-over-exam-cancellation"
published_at: "2026-05-03T21:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f76e2bab735_acident.jpg"
keywords: []
---

# നീറ്റ് പരീക്ഷ എഴുതാൻ പോകുന്നതിനിടെ അപകടം; പരീക്ഷ മുടങ്ങിയ വിഷമത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു

> **Lead Summary:** **ആലപ്പുഴ: **നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടി ബൈക്കിൽ നിന്നും വീണ് പരിക്കേറ്റു. പരീക്ഷ എഴുതാൻ കഴിയാതിരുന്നതിൻ്റെ വിഷമത്തിൽ കുഴഞ്ഞു വീണ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ആലപ്പുഴ: **നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടി ബൈക്കിൽ നിന്നും വീണ് പരിക്കേറ്റു. പരീക്ഷ എഴുതാൻ കഴിയാതിരുന്നതിൻ്റെ വിഷമത്തിൽ കുഴഞ്ഞു വീണ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കടവത്തുശേരി വീട്ടിൽ മുഹമ്മദ് അലിയുടെ മകൾ അമീന മുഹമ്മദലി(19)ക്കാണ് ഇത്തവണ നടന്ന നീറ്റ് പരീക്ഷ എഴുതാൻ കഴിയാതെ വന്നത്.

ഏറെ പ്രതീക്ഷയോടെ എത്തിയ കുട്ടിക്ക് പരീക്ഷ എഴുതാൻ കഴിയാതെ വന്നതിൻ്റെ വിഷമത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സതേടുന്നതിനിടെ കുഴഞ്ഞുവീണത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പകൽ 12.45 ഓടെ ആലപ്പുഴ എസ്.ഡി.വി സ്കൂളികന് മുമ്പിലായിരുന്നു അപകടം. പിതാവ് മുഹമ്മദ് അലിയുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പരീക്ഷ സെൻ്ററിൻ്റെ മുമ്പിലെത്തിയപ്പോൾ അമീന വീഴുകയായിരുന്നു.

കൈക്ക് പരിക്കേറ്റ അമീനയെ ബന്ധു സുനീർ ഇസ്മയിലും മുഹമ്മദ് അലിയും ചേർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി.

ഇതിനിടെ ഹാൾ ടിക്കറ്റും ചികിത്സാ രേഖകളുമായി പരീക്ഷ കൺട്രാേളറെ വിവരമറിയിക്കാൻ സുനീർ ഇസ്മയിൽ എത്തിയെങ്കിലും ഗേറ്റ് അടച്ചുകഴിഞ്ഞിരുന്നു.

പൊലീസ് മുഖേന വിവരം കൺട്രോളറെ അറിയിച്ചെങ്കിലും പരീക്ഷ എഴുതിക്കാൻ കൂട്ടാക്കിയില്ല. ഇതറിഞ്ഞതോടെയാണ് അമീന ജനറൽ ആശുപത്രിയിൽ കുഴഞ്ഞു വീണത്.

തുടർന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ കുട്ടിയെ സി.ടി സ്കാനിങിന് വിധേയമാക്കിയെങ്കിലും പരിശോധനഫലം കിട്ടാൻ വൈകിയത് മതിയായ ചികിത്സനൽകാൻ സാധിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357085/accident-while-going-to-write-neet-exam-student-collapses-in-distress-over-exam-cancellation)