---
title: "'യുഡിഎഫ് ഇവിടെ ഭരണത്തിൽ വന്നാൽ പിറ്റേ ദിവസം ഇടിപിടിയല്ലേ വരാൻ പോകുന്നത്, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും' -  വെള്ളാപ്പള്ളി നടേശൻ"
english_title: "'LDF will come to power again' - VellappallyNatesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357006/ldf-will-come-to-power-again-vellappallynatesan"
published_at: "2026-05-03T12:51:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6f78fb1a37_nateshn.jpg"
keywords: []
---

# 'യുഡിഎഫ് ഇവിടെ ഭരണത്തിൽ വന്നാൽ പിറ്റേ ദിവസം ഇടിപിടിയല്ലേ വരാൻ പോകുന്നത്, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും' -  വെള്ളാപ്പള്ളി നടേശൻ

> **Lead Summary:** **ആലപ്പുഴ: **സംസ്ഥാനത്ത് ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് സർക്കാർ പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ഏകദേശം 60 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**ആലപ്പുഴ: **സംസ്ഥാനത്ത് ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് സർക്കാർ പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ഏകദേശം 60 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ കൃത്യമായി പഠിച്ചശേഷമാണ് എൽഡിഎഫ് വരുമെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിറ്റ് പോളുകൾ എല്ലാകാലവും എല്ലായിടത്തും ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ആരും കാണാതെ പോകരുതെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. അവരുടെ കണക്കിൽ 14 സീറ്റ് പിടിക്കുമെന്നാണ് പറയുന്നത്. എന്നാൽ, അത്രയും സീറ്റുകളൊന്നും പിടിക്കാൻ പോകുന്നില്ല. എങ്കിലും അവർ അക്കൗണ്ട് തുറക്കും, വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുന്നത് ദോഷകരമാണെന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ''ബിജെപി അക്കൗണ്ട് തുറന്നാൽ ദോഷമെന്താണ്. ഇന്ത്യ ഭരിക്കുന്നവരല്ലേ. ഇപ്പോൾ ബംഗാളിലും അവർക്ക് ഭൂരിപക്ഷം കിട്ടാൻ പോകുന്നു.

ബിജെപിയെ എന്തിനാണ് ചെറുതായി കാണുന്നത്. ഇന്ത്യയിൽ ഇന്ന് മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്നു. ബിജെപി ഭരണം മോശമാണെന്നൊന്നും പറയാനൊക്കില്ല. ബിജെപി ഇവിടെ ജയിച്ചാൽ അതൊരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കും. രാജ്യം ഭരിക്കുന്ന പാർട്ടി ഇവിടെ ഒന്നോ രണ്ടോ സീറ്റിൽ ജയിക്കുന്നതിൽ പേടിക്കാനൊന്നുമില്ല. തിരുവനന്തപുരം ജില്ലയിലായിരിക്കും ബിജെപിക്ക് കൂടുതൽ വിജയസാധ്യത'', വെള്ളാപ്പള്ളി വ്യക്തമാക്കി.

ഇതോടൊപ്പം കോൺഗ്രസിനുള്ളിലെ അധികാരത്തർക്കങ്ങളെയും യുഡിഎഫിൽ മുസ്‌ലിം ലീഗിനുള്ള അമിത സ്വാധീനത്തെയും അദ്ദേഹം വിമർശിച്ചു. 'യുഡിഎഫ് ഇവിടെ ഭരണത്തിൽ വന്നാൽ പിറ്റേ ദിവസം ഇടിപിടിയല്ലേ വരാൻ പോകുന്നത്. യുഡിഎഫ് ഇവിടെ ഭരണത്തിൽ വരാൻപോകുന്നില്ല. ഇനി വന്നാൽത്തന്നെ ഇവിടെ എന്താകും സ്ഥിതി. കലഹമല്ലേ നടക്കുക. ഇപ്പോൾത്തന്നെ മുഖ്യമന്ത്രിയാകാൻ വേണ്ടി എത്രപേരാണ് പരസ്പരം മത്സരിക്കുന്നത്. ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ ഭരണം കിട്ടിയാലുള്ള സ്ഥിതിയെന്താകും', വെള്ളാപ്പള്ളി ചോദിച്ചു.

കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഇപ്പോൾ പാണക്കാട്ടാണെന്നും യുഡിഎഫ് വന്നാൽ ഭരണം നിയന്ത്രിക്കുന്നത് ലീഗായിരിക്കുമെന്നും വെള്ളാപ്പള്ളി അരോപിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വകുപ്പുകളും മന്ത്രിമാരെയും പ്രഖ്യാപിച്ചത് എവിടെനിന്നാണെന്ന് നമ്മൾ കണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

തന്റെ വിവാദ പരാമർശങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ സത്യസന്ധമായ കാര്യങ്ങൾ പറയുമ്പോൾ അതിന് ആരും പരിഭവം വിചാരിച്ചിട്ട് കാര്യമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357006/ldf-will-come-to-power-again-vellappallynatesan)