---
title: "'അൻവറിന്റെ കൂട്ടായ്മയിലേക്ക് പോകുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല, ഒറ്റപ്പാലത്തെ സിപിഎം വോട്ടുകൾ തനിക്ക് ലഭിക്കും' -  പി കെ ശശി"
english_title: "PKSasi says UDF will come to power in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356975/pksasi-says-udf-will-come-to-power-in-kerala-new"
published_at: "2026-05-03T10:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6d4f331994_pk.jpg"
keywords: []
---

# 'അൻവറിന്റെ കൂട്ടായ്മയിലേക്ക് പോകുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല, ഒറ്റപ്പാലത്തെ സിപിഎം വോട്ടുകൾ തനിക്ക് ലഭിക്കും' -  പി കെ ശശി

> **Lead Summary:** **പാലക്കാട്‌: ** കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശശി. പാലക്കാട്‌ ജില്ലയിൽ യുഡിഎഫ് സീറ്റുകൾ വർദ്ധിക്കുമെന്നും ഒറ്റപ്പാലത്തെ സിപിഎം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും പി കെ ശശി പ്രതികരിച്ചു.

## Article Content

**പാലക്കാട്‌: ** കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശശി. പാലക്കാട്‌ ജില്ലയിൽ യുഡിഎഫ് സീറ്റുകൾ വർദ്ധിക്കുമെന്നും ഒറ്റപ്പാലത്തെ സിപിഎം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും പി കെ ശശി പ്രതികരിച്ചു.

സിപിഎം വിട്ടവരും സിപിഎമ്മിനുള്ളിൽ പാർട്ടിയുടെ തെറ്റായ നിലപാടുകളോട് അമർഷമുള്ളവരും ഈ തെരഞ്ഞെടുപ്പിൽ നിർണായക ഘടകമാകും. പാലക്കാട്ടെ അഞ്ച് സീറ്റുകളിൽ ഇത് പ്രതിഫലിക്കുമെന്നും പി കെ ശശി പറയുന്നു.

മുഖ്യമന്ത്രി ആരാകുമെന്ന് കോൺഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി വി അൻവർ ഫോണിൽ വിളിച്ചിരുന്നു. അൻവറിന്റെ കൂട്ടായ്മയിലേക്ക് പോകുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും സി പി ജോണുമായി ചേർന്ന് പ്രവർത്തിക്കുന്നത് ആലോചിക്കുമെന്നും ശശി കൂട്ടിച്ചേര്‍ത്തു.

അതേസമയം വെള്ളാപ്പള്ളിക്ക് മറുപടി നൽകാനില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗ് ഇതിന് മറുപടി പറയാൻ നിന്നാൽ അതിനേ സമയം കാണൂ. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മാറാട് കലാപം ആവർത്തിക്കുമെന്ന വർഗീയ പരാമർശങ്ങൾ സാധാരണ ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല.

സമൂഹവും ഈ ഇലക്ഷൻ ഫലവും ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വരിക എന്നതാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തിന് വലിയ ഫലം ഉണ്ടാകും. വോട്ടെണ്ണലിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് കോൺഗ്രസ് ആണ് തീരുമാനമെടുക്കേണ്ടത്.

പ്രത്യേക സ്ഥാനം വേണമെന്ന അവകാശവാദമോ ചർച്ചകളോ തങ്ങൾ ആഗ്രഹിക്കുന്നില്ല. നാലാം തീയതിക്ക് ശേഷം എല്ലാവരുടെയും താൽപ്പര്യം അനുസരിച്ച് തീരുമാനമുണ്ടാകുമെന്നും ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356975/pksasi-says-udf-will-come-to-power-in-kerala-new)