---
title: "  'ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണ്': ജഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭാര്യയ്‌ക്കെതിരെ കുടുംബം "
english_title: "Judge found hanging: Family files complaint against wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356953/judge-found-hanging-family-files-complaint-against-wife"
published_at: "2026-05-03T08:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6c08783e61_dead.jpg"
keywords: []
---

#   'ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണ്': ജഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭാര്യയ്‌ക്കെതിരെ കുടുംബം 

> **Lead Summary:** ** **ഡൽഹിയിലെ സഫ്ദർജംഗിൽ ജഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ജുഡീഷ്യൽ സർവീസ് ജഡ്ജി അമൻ കുമാർ ശർമ്മയെയാണ് കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അമൻ കുമാർ ശർമ്മയുടെ ബന്ധുവാണ് ആത്മഹത്യ ചെയ്ത വിവരം പൊലീസിനെ അറിയിച്ചത്.

## Article Content

** **ഡൽഹിയിലെ സഫ്ദർജംഗിൽ ജഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ജുഡീഷ്യൽ സർവീസ് ജഡ്ജി അമൻ കുമാർ ശർമ്മയെയാണ് കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അമൻ കുമാർ ശർമ്മയുടെ ബന്ധുവാണ് ആത്മഹത്യ ചെയ്ത വിവരം പൊലീസിനെ അറിയിച്ചത്.

വിവരം ലഭിച്ചയുടനെ പൊലീസ് സംഘം സ്ഥലത്തെത്തി. ജഡ്ജി അമൻ കുമാർ ശർമ്മയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ രാത്രി 10 മണിയോടെ അമന്‍റെ അച്ഛനെ വിളിച്ച് താൻ വളരെ വിഷമത്തിലാണെന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണെന്നും പറഞ്ഞിരുന്നതായി അമന്‍റെ ബന്ധു പറഞ്ഞു. കുടുംബാംഗങ്ങളുടെ ആരോപണമനുസരിച്ച് അമനും ഭാര്യയായ ജുഡീഷ്യൽ ഓഫീസർ സ്വാതിയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും രണ്ടു മാസമായി താൻ പീഡനമനുഭവിക്കുകയാണെന്നും അമൻ പിതാവിനോട് പറഞ്ഞിരുന്നു.

അമൻ ശർമയുടെ പിതാവ് ഇവരുടെ ഡൽഹിയിലെ വീട്ടിലേക്ക് വന്നത് സ്വാതിക്ക് ഇഷ്ടപ്പെടാതെയിരിക്കുകയും ഇവിടെ നിന്ന് പോകുന്നില്ലെങ്കിൽ പൊലീസിനെ വിളിക്കും എന്നും പറഞ്ഞ് വീടിനകത്ത് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അൽപസമയത്തിനു ശേഷം തർക്കം അവസാനിക്കുകയും തുടർന്ന് അമനെക്കുറിച്ച് സ്വാതിയോട് ചോദിച്ചപ്പോൾ അമൻ എവിടെയെന്ന് തനിക്കറിയില്ലെന്ന് പറയുകയും ചെയ്തു.

തുടർന്ന് അമനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബാത്ത്‌റൂമിനുള്ളിൽ നിന്നും ഫോൺ ശബ്ദം കേട്ടു. വാതിൽ പലതവണ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. പിന്നീട് ജനൽ വഴി അകത്തുകടന്നപ്പോഴാണ് അമനെ തൂങ്ങിയ നിലയിൽ കണ്ടതെന്ന ബന്ധു പറഞ്ഞു. ജഡ്ജി അമൻ കുമാർ ശർമ്മയുടെ മരണം ജുഡീഷ്യൽ സമൂഹത്തിൽ ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ട്.

കർക്കർഡൂമ കോടതികളിലെ നോർത്ത്-ഈസ്റ്റ് ജില്ലയിലെ ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഫുൾടൈം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അമൻ കുമാർ ശർമ്മ. ആത്മഹത്യ എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനാരോപണങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഔദ്യോഗിക കണ്ടെത്തലുകളും ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുയെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356953/judge-found-hanging-family-files-complaint-against-wife)