---
title: "കാവലാവേണ്ട കൈകൊണ്ട് തന്നെ ....! പണം ആവശ്യപ്പെട്ട് ഭീഷണി, പിന്നാലെ യുവതിക്കു നേരെ ലൈംഗികാതിക്രമം; കോൺസ്റ്റബിൾ അറസ്റ്റിൽ"
english_title: "Policeman arrested for sexually assaulting young woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356945/policeman-arrested-for-sexually-assaulting-young-woman"
published_at: "2026-05-03T07:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6ad5841792_rape.jpg"
keywords: []
---

# കാവലാവേണ്ട കൈകൊണ്ട് തന്നെ ....! പണം ആവശ്യപ്പെട്ട് ഭീഷണി, പിന്നാലെ യുവതിക്കു നേരെ ലൈംഗികാതിക്രമം; കോൺസ്റ്റബിൾ അറസ്റ്റിൽ

> **Lead Summary:** **ചെന്നൈ: **യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ പൊലീസുകാരൻ അറസ്റ്റിൽ.

## Article Content

**ചെന്നൈ: **യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ പൊലീസുകാരൻ അറസ്റ്റിൽ.

ബസന്ത് നഗർ ബീച്ചിനു സമീപം കാറിലിരിക്കുകയായിരുന്ന എൻജിനീയറിങ് വിദ്യാർഥിനിയെയും ആൺ സുഹൃത്തിനെയുമാണ് മദ്രാസ് ഹൈക്കോടതി കോംപ്ലക്സ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ജോസഫ് ആക്രമിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രാത്രി എട്ടു മണിയോടെ കാറിനു സമീപമെത്തിയ ജോസഫ്, ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജ ഐഡന്റിറ്റി കാർഡ് കാണിച്ച് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി.

കേസെടുക്കാതിരിക്കാൻ പണം ആവശ്യപ്പെട്ട ഇയാൾക്ക്, യുവതി ഓൺലൈനായി 3,000 രൂപ കൈമാറി. തുടർന്ന് ബസന്ത് നഗറിലെ എടിഎമ്മിലേക്ക് സുഹൃത്തിനെ പറഞ്ഞുവിട്ട് 8,000 രൂപ കൂടി പിൻവലിപ്പിച്ചു.

സുഹൃത്ത് എടിഎമ്മിൽ പോയ സമയത്ത് കാറിൽ യുവതിയോടൊപ്പം ഇരുന്ന ജോസഫ് അവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

പണം വാങ്ങിയ ശേഷം ഇയാൾ സ്വന്തം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പിറ്റേദിവസം രാവിലെ യുവതി വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ശാസ്ത്രി നഗർ പൊലീസ് നടത്തിയ അന്വേഷണത്തിൽ എടിഎമ്മിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356945/policeman-arrested-for-sexually-assaulting-young-woman)