---
title: "കൊയിലാണ്ടിയിൽ മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം"
english_title: "KSEB employee attacked by pet dog while reading meter in Koyilandy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356914/kseb-employee-attacked-by-pet-dog-while-reading-meter-in-koyilandy"
published_at: "2026-05-02T21:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f61a7c80b8c_koyilandi.jpg"
keywords: []
---

# കൊയിലാണ്ടിയിൽ മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം

> **Lead Summary:** **കോഴിക്കോട്: ** മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം.

## Article Content

**കോഴിക്കോട്: ** മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം.

കെഎസ്ഇബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ ജീവനക്കാരന്‍ മാവിന്‍ചുവട് സ്വദേശി അഭിലാഷിനാ(36)ണ് വളര്‍ത്തുനായയുടെ കടിയേറ്റത്.

കൈക്കും വയറിനും കാലിനും കടിയേറ്റ അഭിലാഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കൊയിലാണ്ടി അരങ്ങാടത്ത് ശ്രീരാമകൃഷ്ണ റോഡിലെ ഒരു വീട്ടില്‍ സോളാര്‍ റീഡിങ്ങിന് എത്തിയതായിരുന്നു അഭിലാഷ്.

വീട്ടില്‍ നായയുള്ളത് നേരെത്തെ അറിയാമായിരുന്നതിനാല്‍ വീട്ടുടമയോട് നായയെ വീടിനുള്ളിലാക്കാന്‍ വിളിച്ചു പറഞ്ഞിരുന്നു.

തുടര്‍ന്ന് നായയെ വീട്ടിനുള്ളിലാക്കി മുന്‍വശത്തെ വാതില്‍ ലോക്ക് ചെയ്തതായി വീട്ടിലുണ്ടായിരുന്ന സ്ത്രീ അറിയിച്ചു.

ഈ വിശ്വാസത്തില്‍ മീറ്റര്‍ റീഡിങ്ങിനായി ഗേറ്റ് കടന്ന് മുറ്റത്ത് എത്തിയ അഭിലാഷ് റീഡിങ്ങ് എടുക്കുന്നതിനിടെ വീടിന്റെ പുറകുവശത്തുകൂടി എത്തിയ നായ ആക്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356914/kseb-employee-attacked-by-pet-dog-while-reading-meter-in-koyilandy)