---
title: "700 രൂപ കൈക്കൂലി; കെഎസ്ഇബി ഓവർസീയർക്ക് മൂന്ന് വർഷം കഠിന തടവും പിഴയും വിധിച്ച് കോഴിക്കോട് വിജിലൻസ് കോടതി"
english_title: "Kozhikode Vigilance Court sentences KSEB overseer to three years rigorous imprisonment and fine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356884/kozhikode-vigilance-court-sentences-kseb-overseer-to-three-years-rigorous-imprisonment-and-fine"
published_at: "2026-05-02T17:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5e514277da_court_kozhikode.jpg"
keywords: []
---

# 700 രൂപ കൈക്കൂലി; കെഎസ്ഇബി ഓവർസീയർക്ക് മൂന്ന് വർഷം കഠിന തടവും പിഴയും വിധിച്ച് കോഴിക്കോട് വിജിലൻസ് കോടതി

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** 700 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി മുൻ ഓവർസീയർക്ക് മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മലപ്പുറം കുറ്റിപ്പുറം കെഎസ്ഇബി സെക്ഷൻ ഓഫീസിലെ മുൻ ഓവർസീയറായ നെയ്യാറ്റിൻകര സ്വദേശിയി മൈക്കിൾ പിള്ളയെ ആണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജ് ഷിബു തോമസിന്റെതാണ് വിധി.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** 700 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി മുൻ ഓവർസീയർക്ക് മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മലപ്പുറം കുറ്റിപ്പുറം കെഎസ്ഇബി സെക്ഷൻ ഓഫീസിലെ മുൻ ഓവർസീയറായ നെയ്യാറ്റിൻകര സ്വദേശിയി മൈക്കിൾ പിള്ളയെ ആണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജ് ഷിബു തോമസിന്റെതാണ് വിധി.

മലപ്പുറം വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പിമാരായിരുന്ന എ രാമചന്ദ്രൻ, ഫിറോസ് എം ഷഫീക്ക്, പൊലീസ് ഇൻസ്പെക്ടർ എം ഗംഗാധരൻ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അരുൺ നാഥ്.കെ ഹാജരായി. കുറ്റിപ്പുറം സ്വദേശിയായ പരാതിക്കാരന്റെ വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച വൈദ്യുതിക്ക് ഉയർന്ന നിരക്കിലുള്ള ചാർജ്ജ് ഈടാക്കാതിരിക്കാനാണ് മൈക്കിൾ പിള്ള 700 രൂപ കൈക്കൂലി വാങ്ങിയത്.

2020ലാണ് സംഭവം. വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്കായി വൈദ്യുതി ഉപയോഗിക്കുന്നതിനായി കുറ്റിപ്പുറം കെഎസ്ഇബി ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. സെക്ഷൻ ഓഫീസിൽ ഓവർസീയറായിരുന്ന മൈക്കിൾ പിള്ള അപേക്ഷ കൈപ്പറ്റിയശേഷം നിർമാണ പ്രവർത്തനങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കാൻ പരാതിക്കാരന് വാക്കാലുള്ള അനുമതി നൽകി.

തുടർന്ന്, നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം അധിക നിരക്കിലുള്ള വൈദ്യുതി ചാർജ്ജ് അടയ്ക്കുന്നതിനായി കുറ്റിപ്പുറം സെക്ഷൻ ഓഫീസിൽ എത്തിയ പരാതിക്കാരനോട്, 1,560 രൂപ ചാർജ്ജ് ആവുമെന്നും ഈ തുക അടയ്ക്കുന്നതിന് പകരമായി 700 രൂപ തനിക്ക് കൈക്കൂലിയായി നൽകിയാൽ മതിയെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരനിൽ നിന്നും 700 രൂപ കൈപ്പറ്റുന്ന സമയത്ത് മലപ്പുറം വിജിലൻസ് യൂണിറ്റ് മൈക്കൾ പിള്ളയെ കൈയ്യോടെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356884/kozhikode-vigilance-court-sentences-kseb-overseer-to-three-years-rigorous-imprisonment-and-fine)