---
title: "ആഘോഷങ്ങളിൽ അതിര് വിടരുത്; കോഴിക്കോട് വിധി കുറിക്കാൻ മൂന്ന് കേന്ദ്രങ്ങൾ; വടകരയും കുറ്റ്യാടിയും നാദാപുരവും മടപ്പള്ളിയിൽ എണ്ണും"
english_title: "Assembly election counting, three centers to decide Kozhikode; Vadakara, Kuttiadi and Nadapuram will be counted at Madappally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356870/assembly-election-counting-three-centers-to-decide-kozhikode-vadakara-kuttiadi-and-nadapuram-will-be-counted-at-madappally"
published_at: "2026-05-02T16:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5d4e819f9d_snehil.jpg"
keywords: []
---

# ആഘോഷങ്ങളിൽ അതിര് വിടരുത്; കോഴിക്കോട് വിധി കുറിക്കാൻ മൂന്ന് കേന്ദ്രങ്ങൾ; വടകരയും കുറ്റ്യാടിയും നാദാപുരവും മടപ്പള്ളിയിൽ എണ്ണും

> **Lead Summary:** **കോഴിക്കോട്: ** കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി കോഴിക്കോട് ജില്ലയിൽ വിപുലമായ സജ്ജീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.

## Article Content

**കോഴിക്കോട്: ** കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി കോഴിക്കോട് ജില്ലയിൽ വിപുലമായ സജ്ജീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.

മടപ്പള്ളി ഗവ. കോളേജ്, ജെ.ഡി.ടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജ്, സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന് മുന്നോടിയായി രാവിലെ 5 നും 6 നും ഇടയിലുള്ള സമയത്ത് സ്ഥാനാർത്ഥികളുടെയും കമ്മീഷൻ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമുകൾ തുറക്കും.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ജനവിധി അറിയാനുള്ള വോട്ടെണ്ണൽ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലങ്ങളിലെ വോട്ടുകൾ മടപ്പള്ളി ഗവ. കോളേജിലും, കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് സൗത്ത് കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിലേത് ജെ.ഡി.ടി ഇസ്ലാം കോളേജിലും, കൊടുവള്ളി, തിരുവമ്പാടി മണ്ഡലത്തിലെ വോട്ടുകൾ സെന്റ് മേരീസ് കോളേജിലുമാണ് എണ്ണുന്നത്.

എട്ട് മണിക്ക് ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. അതേസമയം വോട്ടെണ്ണൽ ഹാളിലേക്ക് കടക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കാൻ ചെയ്ത പാസ്സുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വോട്ടെണ്ണൽ ഹാളുകൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനമുണ്ട്. സുഗമമായ വോട്ടെണ്ണലിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു.

പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിൽ നിലവിൽ പ്രശ്നങ്ങളില്ലെന്ന് കളക്ടർ അറിയിച്ചു. വോട്ടെണ്ണലിന് ശേഷം നടത്തുന്ന ആഹ്ലാദപ്രകടനങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. വോട്ടെണ്ണൽ സുതാര്യമാക്കാൻ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് കളക്ടറേറ്റിൽ വെച്ച് നടന്ന പ്രസ് മീറ്റിലാണ് വോട്ടെണ്ണലിൽ സ്വീകരിച്ചിട്ടുള്ള കർശന നടപടികളെക്കുറിച്ച് കളക്ടർ വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356870/assembly-election-counting-three-centers-to-decide-kozhikode-vadakara-kuttiadi-and-nadapuram-will-be-counted-at-madappally)