---
title: "ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും "
english_title: "Husband kills wife in Ponnani, police take suspect to the scene and collect evidence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356835/husband-kills-wife-in-ponnani-police-take-suspect-to-the-scene-and-collect-evidence"
published_at: "2026-05-02T14:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5bbfb4e1cc_WhatsApp_Image_2026-05-02_at_2.17.31_PM.jpeg"
keywords: []
---

# ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും 

> **Lead Summary:** **മലപ്പുറം: **പൊന്നാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാളിട്ടു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മുഹമ്മദിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

## Article Content

**മലപ്പുറം: **പൊന്നാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാളിട്ടു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മുഹമ്മദിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

തെളിപ്പെടുപ്പിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കൊല്ലപ്പെട്ട ഫാത്തിമയുടെ പിതാവ് അയ്യൂബും നാട്ടുകാരും പ്രതിക്കെതിരെ ആക്രോശിച്ച് എത്തിയതോടെ തെളിവെടുപ്പ് പാതിവഴിയില്‍ നിര്‍ത്തി പൊലീസ് പ്രതിയുമായി മടങ്ങി. ഉച്ചയോടെയാണ് പൊലീസ് അകമ്പടിയോടെ പ്രതിയെ കൊല നടത്തിയ സ്ഥലത്തെത്തിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴോടെ ഫാത്തിമയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ബൈക്കില്‍ കടപ്പുറത്തേക്ക് കൊണ്ടുവന്നശേഷം കുഞ്ഞിനെ സമീപത്ത് ഉറക്കിക്കിടത്തുകയും തുടര്‍ന്ന് ഫാത്തിമയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു.

പിന്നീട് തല മണലില്‍ പുഴ്ത്തിവെക്കുകയും ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയ മുഹമ്മദ് കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷം പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നുവെന്നും സമ്മതിച്ചു.

പ്രതി എത്തിയതറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിക്കെതിരെ ആക്രോശവുമായി എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356835/husband-kills-wife-in-ponnani-police-take-suspect-to-the-scene-and-collect-evidence)