---
title: "തൃണമൂൽ കോൺഗ്രസിന് തിരിച്ചടി; വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി"
english_title: "Setback for Trinamool Congress Supreme Court dismisses petition challenging appointment of vote counting supervisors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356819/setback-for-trinamool-congress-supreme-court-dismisses-petition-challenging-appointment-of-vote-counting-supervisors"
published_at: "2026-05-02T13:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5ae97afa72_supreme_court.jpg"
keywords: []
---

# തൃണമൂൽ കോൺഗ്രസിന് തിരിച്ചടി; വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി

> **Lead Summary:** ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് സുപ്രീം കോടതിയില്‍ തിരിച്ചടി. കേന്ദ്ര ജീവനക്കാരെ മാത്രം സൂപ്പര്‍വൈസര്‍മാരാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗിലാണ് ഹര്‍ജി പരിഗണിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്പീലില്‍ ഇടപെടാതെ സുപ്രീം കോടതി ഹര്‍ജി തീര്‍പ്പാക്കി.

## Article Content

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് സുപ്രീം കോടതിയില്‍ തിരിച്ചടി. കേന്ദ്ര ജീവനക്കാരെ മാത്രം സൂപ്പര്‍വൈസര്‍മാരാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗിലാണ് ഹര്‍ജി പരിഗണിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്പീലില്‍ ഇടപെടാതെ സുപ്രീം കോടതി ഹര്‍ജി തീര്‍പ്പാക്കി.

'തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിന്റെ അന്തഃസത്ത പാലിക്കണം' എന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ വാദം രേഖപ്പെടുത്തിയാണ് നടപടി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മാത്രം സൂപ്പര്‍വൈസര്‍മാരായി നിയമിക്കാനുള്ള കമീഷന്‍ തീരുമാനം റദ്ദാക്കണമെന്നായിരുന്നു തൃണമൂലിന്റെ ആവശ്യം.

വോട്ടെണ്ണല്‍ മെയ് നാലിന് നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ഇന്ന് അടിയന്തരമായി ഹര്‍ജി പരിഗണിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വോട്ടെണ്ണുന്നതിന് സൂപ്പര്‍വൈസര്‍മാരെയും സഹായികളെയും നിയമിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അത് സംസ്ഥാന സര്‍ക്കാരില്‍ നിന്നോ കേന്ദ്രസര്‍ക്കാരില്‍ നിന്നോ നിയമിക്കാം. അങ്ങനെ നിയമിക്കുന്നതില്‍ ഒരു നിയമവിരുദ്ധതയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതി പറഞ്ഞത്. അതേസമയം ബിജെപിക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ ടിഎംസിക്ക് പിന്നീട് ഹര്‍ജികള്‍ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356819/setback-for-trinamool-congress-supreme-court-dismisses-petition-challenging-appointment-of-vote-counting-supervisors)