---
title: "ഇനി കൈപ്പിടിയിൽ ഒതുങ്ങില്ല....:  അമേരിക്കയിൽ ഗർഭഛിദ്ര ഗുളികകൾക്ക് നിയന്ത്രണം; ഡോക്ടറെ നേരിട്ട് കാണൽ നിർബന്ധമെന്ന് കോടതി"
english_title: "Abortion pills to be restricted in the US"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356809/abortion-pills-to-be-restricted-in-the-us-NEW-"
published_at: "2026-05-02T12:55:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5a7f52c226_SF.jpg"
keywords: []
---

# ഇനി കൈപ്പിടിയിൽ ഒതുങ്ങില്ല....:  അമേരിക്കയിൽ ഗർഭഛിദ്ര ഗുളികകൾക്ക് നിയന്ത്രണം; ഡോക്ടറെ നേരിട്ട് കാണൽ നിർബന്ധമെന്ന് കോടതി

> **Lead Summary:** **വാഷിങ്ടൺ: **അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഗർഭഛിദ്ര ഗുളികയായ 'മിഫിപ്രിസ്റ്റോൺ' വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ് അപ്പീൽ കോടതി. ഗുളികകൾ തപാൽ വഴിയോ ഫാർമസികൾ വഴിയോ നേരിട്ട് അയക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞു. ഇനിമുതൽ ഈ ഗുളികകൾ ഡോക്ടറെ നേരിട്ട് കണ്ട് മാത്രമേ വാങ്ങാൻ സാധിക്കൂ.

## Article Content

**വാഷിങ്ടൺ: **അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഗർഭഛിദ്ര ഗുളികയായ 'മിഫിപ്രിസ്റ്റോൺ' വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ് അപ്പീൽ കോടതി. ഗുളികകൾ തപാൽ വഴിയോ ഫാർമസികൾ വഴിയോ നേരിട്ട് അയക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞു. ഇനിമുതൽ ഈ ഗുളികകൾ ഡോക്ടറെ നേരിട്ട് കണ്ട് മാത്രമേ വാങ്ങാൻ സാധിക്കൂ.

ലൂസിയാന സംസ്ഥാനം നൽകിയ ഹരജിയിലാണ് ഫിഫ്ത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിന്റെ ഉത്തരവ്. ഡോക്ടറെ നേരിട്ട് കാണാതെ ടെലിമെഡിസിൻ വഴി ഗുളികകൾ നൽകാനും തപാൽ വഴി അയക്കാനും അനുമതി നൽകിയിരുന്ന 2023ലെ എഫ്.ഡി.എ  പരിഷ്കാരമാണ് കോടതി മരവിപ്പിച്ചത്. ഗർഭധാരണം നടന്ന നിമിഷം മുതൽ ഓരോ ശിശുവും നിയമപരമായ വ്യക്തിത്വമുള്ള മനുഷ്യനാണെന്ന ലൂസിയാനയുടെ നയത്തെ എഫ്.ഡി.എ നടപടി ലംഘിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

കോടതി വിധിക്ക് പിന്നാലെ അമേരിക്കയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള വിജയമാണിതെന്ന് ലൂസിയാന അറ്റോർണി ജനറൽ ലിസ് മുറിൽ പറഞ്ഞു.

ശാസ്ത്രത്തെയും നിയമത്തെയും വെല്ലുവിളിക്കുന്ന തീരുമാനമാണിതെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) പ്രതികരിച്ചു. എന്നാൽ ന്യൂയോർക്ക് പോലുള്ള സംസ്ഥാനങ്ങളിൽ ഗർഭഛിദ്രത്തിനുള്ള അവകാശം തുടർന്നും സംരക്ഷിക്കപ്പെടുമെന്ന് അവിടത്തെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356809/abortion-pills-to-be-restricted-in-the-us-NEW-)