---
title: "'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും', പിണറായിയുടേത് ഫാസിസ്റ്റ് ബന്ധമെന്ന് പി.വി. അൻവർ"
english_title: "The Left in Kerala has become an extreme right wing, says PV Anwar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356789/the-left-in-kerala-has-become-an-extreme-right-wing-says-pv-anwar"
published_at: "2026-05-02T11:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f59ac8dea91_pv.jpg"
keywords: []
---

# 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും', പിണറായിയുടേത് ഫാസിസ്റ്റ് ബന്ധമെന്ന് പി.വി. അൻവർ

> **Lead Summary:** **കണ്ണൂര്‍: **കേരളത്തില്‍ ഇടതുപക്ഷം തീവ്ര വലതുപക്ഷമായി മാറിയെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും പി വി അൻവർ പറഞ്ഞു.

## Article Content

**കണ്ണൂര്‍: **കേരളത്തില്‍ ഇടതുപക്ഷം തീവ്ര വലതുപക്ഷമായി മാറിയെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും പി വി അൻവർ പറഞ്ഞു.

കഴിഞ്ഞ ഒന്നേമുക്കാല്‍ വര്‍ഷമായി താന്‍ പറഞ്ഞ പിണറായിസം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന എട്ടരവര്‍ഷത്തോളം ആ സംവിധാനത്തോട് പരമാവധി കൂറ് പുലര്‍ത്തിയിരുന്നെന്നും പി വി അൻവർ പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഫാസിസമാവുകയും പട്ടിണി പോലും മാറി വര്‍ഗീയത രാഷ്ട്രീയ ചര്‍ച്ചയാവുകയും ചെയ്ത സമയത്ത് ഇടതുപക്ഷം ശക്തമായ നിലപാട് എടുത്തതു കണ്ടാണ് അവര്‍ക്കൊപ്പം ഞാൻ നിന്നത്.

തൊഴിലാളികള്‍ക്കുവേണ്ടിയും സാധാരണക്കാര്‍ക്കായും വാദിക്കുന്ന പാര്‍ട്ടിയും പ്രസ്ഥാനവുമായിരുന്നു ഇടതുപക്ഷവും സിപിഐഎമ്മും അന്ന്.

പക്ഷെ രണ്ടാമത് പിണറായി സർക്കാർ അധികാരത്തില്‍ വന്നതോടെ കാര്യങ്ങൾ മാറി. മതേതരത്വത്തിലും സോഷ്യലിസത്തിലും അടിയുറച്ച് മുന്നോട്ടുപോകുമെന്നാണ് കരുതിയാണ് ജനം അവരെ വീണ്ടും ജയിപ്പിച്ചത്.

പക്ഷെ പിണറായി നേരെ തിരിയുന്നതാണ് നാം കണ്ടത്. ഇടതുപക്ഷത്തില്‍ നിന്ന് തീവ്ര വലതുപക്ഷത്തിലേക്കാണ് പിണറായി തിരിഞ്ഞത്. അതാണ് ഞാന്‍ ചോദ്യംചെയ്തത്.

മതേതരത്വത്തെ ബലികഴിപ്പിച്ച് എല്ലാ മേഖലകളിലും ഫാസിസ്റ്റുകള്‍ക്ക് കടന്നുവരാൻ കഴിയുന്ന സ്ഥിതിയാക്കി. കേന്ദ്രസര്‍ക്കാരുമായി അണ്ടര്‍ഗ്രൗണ്ട് ബന്ധം പിണറായി ഉണ്ടാക്കി'- പി വി അൻവർ പറഞ്ഞു.

ഭരണവിരുദ്ധ വികാരത്തിനപ്പുറം ജനങ്ങള്‍ വോട്ട് ചെയ്ത് യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതിന്റെ പ്രധാന കാരണം പിണറായി വിരുദ്ധതയാണെന്നും കേരളത്തിലുടനീളം പിണറായി വിരുദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാമൂഴം പിണറായിക്ക് നല്‍കിക്കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ച പരിപൂര്‍ണമാകുമെന്നും മുതലാളിത്ത കേന്ദ്രീകൃത ഭരണത്തിലേക്ക് മാറുമെന്നും ജനം തിരിച്ചറിഞ്ഞെന്നും അൻവർ പറഞ്ഞു.

സര്‍വ്വലോക തൊഴിലാളികളേ സംഘടിക്കുവിന്‍ എന്ന് പറഞ്ഞ പാര്‍ട്ടി സര്‍വ്വലോക മുതലാളിമാരേ കേരളത്തിലേക്ക് വരൂ എന്ന നിലപാടിലേക്ക് മാറിയെന്നും അദ്ദേഹം വിമർശിച്ചു.

ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ അവസ്ഥ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതാവുമെന്നും പതിനായിരം വോട്ടിന് താഴെപോകും ഭൂരിപക്ഷമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356789/the-left-in-kerala-has-become-an-extreme-right-wing-says-pv-anwar)