---
title: "'പരാഗ് സ്പെഷലാണ്, വിമര്‍ശനക്കൂരമ്പുകള്‍ക്ക് നടുവിൽ 'ആ ബാറ്റ് എല്ലാത്തിനും മറുപടി പറഞ്ഞു' - പുകഴ്ത്തി അശ്വിന്‍"
english_title: "riyan parag 90 runs vs dc ashwin praise ipl 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356726/riyan-parag-90-runs-vs-dc-ashwin-praise-ipl-2026"
published_at: "2026-05-02T08:39:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f56b3d55927_parag.jpg"
keywords: []
---

# 'പരാഗ് സ്പെഷലാണ്, വിമര്‍ശനക്കൂരമ്പുകള്‍ക്ക് നടുവിൽ 'ആ ബാറ്റ് എല്ലാത്തിനും മറുപടി പറഞ്ഞു' - പുകഴ്ത്തി അശ്വിന്‍

> **Lead Summary:** **( **[www.truevisionnews.com]** ) **ഇന്നലെ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ ഡല്‍ഹിയോട് ഏഴു വിക്കറ്റിന് തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആര്‍.അശ്വിന്‍. കടുത്ത സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോഴും കളിയില്‍ പൂര്‍ണമായി മനസ് കേന്ദ്രീകരിക്കാന്‍ കഴിയുന്നത് സവിശേഷമായ കാര്യമാണെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനക്കൂരമ്പുകള്‍ക്ക് നടുവിലായിരുന്നു പരാഗ്.

## Article Content

**( **[www.truevisionnews.com]** ) **ഇന്നലെ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ ഡല്‍ഹിയോട് ഏഴു വിക്കറ്റിന് തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആര്‍.അശ്വിന്‍. കടുത്ത സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോഴും കളിയില്‍ പൂര്‍ണമായി മനസ് കേന്ദ്രീകരിക്കാന്‍ കഴിയുന്നത് സവിശേഷമായ കാര്യമാണെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനക്കൂരമ്പുകള്‍ക്ക് നടുവിലായിരുന്നു പരാഗ്.

സീസണില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ നിന്നായി ആകെ 119 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്‍ ക്യാപ്റ്റന് നേടാന്‍ കഴിഞ്ഞത്. 29 ആയിരുന്നു സീസണിലെ പരാഗിന്‍റെ ഉയര്‍ന്ന സ്കോറും. സ്ട്രൈക്ക് റേറ്റ് 124.47 ലും ഒതുങ്ങിയിരുന്നു. ഇത്രയധികം സമ്മര്‍ദത്തിനടിപ്പെട്ടൊരാളില്‍ നിന്ന് ഈ ഇന്നിങ്സുണ്ടായത് പ്രശംസനീയമാണെന്ന് അശ്വിന്‍ കുറിച്ചു. ' യോജിച്ചാലും ഇല്ലെങ്കിലും പരാഗ് സ്പെഷല്‍ പ്ലേയറാണ്. ആ ബാറ്റാണ് എല്ലാത്തിനും മറുപടി പറഞ്ഞത്'- അശ്വിന്‍ എക്സില്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്‍റെ വെടിക്കെട്ട് ബാറ്റര്‍മാരായ വൈഭവും യശസ്വിയും മടങ്ങിയതോടെ ടീമിനെ ചുമലിലേറ്റേണ്ട ബാധ്യത പരാഗിലെത്തി. മിച്ചല്‍ സ്റ്റാര്‍കിനെതിരെ മികച്ച തുടക്കം. പിന്നെ ജാമിസണെ 6,4,6 എന്നിങ്ങനെ അടിച്ച് പറത്തി. ഇതോടെ പന്ത്രണ്ട് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ രാജസ്ഥാന്‍ പവര്‍പ്ലേയ്ക്കൊടുവില്‍ 56 റണ്‍സിലേക്ക് എത്തി.

32 പന്തില്‍ നിന്ന് പരാഗ് സീസണിലെ ആദ്യ അര്‍ധ സെഞ്ചറി തികച്ചു. ജുറേലുമായുള്ള കൂട്ടുകെട്ടില്‍ 102 റണ്‍സും പിറന്നു. ജുറേല്‍ പുറത്തായതോടെ രവീന്ദ്ര ജഡേജയുമായി ചേര്‍ന്നും താരം സ്കോര്‍ ഉയര്‍ത്തി. ഐപിഎലിലെ കന്നി സെഞ്ചറിക്ക് 10 റണ്‍സ് മാത്രം ശേഷിക്കെ 17–ാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍കിന് പിടി നല്‍കിയാണ് പരാഗ് മടങ്ങിയത്.

തകര്‍പ്പന്‍ പ്രകടനത്തോടെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തടയിടാന്‍ പരാഗിന് കഴിഞ്ഞുവെന്നും മുന്‍താരങ്ങള്‍ വിലയിരുത്തുന്നു. പഞ്ചാബ് കിങ്സിനെതിരെ നടന്ന മല്‍സരത്തിന്‍റെ രണ്ടാം ഇന്നിങ്സിനിടെയാണ് പരാഗ് ഡ്രസിങ് റൂമിലിരുന്ന് ഇ–സിഗരറ്റ് വലിച്ചത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്.

ഫൈനും ഡീമെറിറ്റ് പോയിന്‍റും വാങ്ങിയ പരാഗ് കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്. തുടര്‍ച്ചയായ ഒന്‍പത് മല്‍സരങ്ങളില്‍ അര്‍ധ സെഞ്ചറി പോലും നേടാന്‍ കഴിയാതിരുന്നതിന്റെ ക്ഷീണം ഇന്നലെ ഡല്‍ഹിക്കെതിരെ പരാഗ് തീര്‍ത്തു. നിര്‍ണായകമായ 90 റണ്‍സായിരുന്നു ഇന്നലെ പരാഗ് അടിച്ച് കൂട്ടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356726/riyan-parag-90-runs-vs-dc-ashwin-praise-ipl-2026)