---
title: "ഭാര്യയെ മയക്കി പീഡിപ്പിച്ചു; കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളും സമ്മതിച്ച് മുൻ കൗൺസിലർ"
english_title: "Former councilor admits to raping wife, sexually assaulting her; also confesses to sexual crimes against children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356723/former-councilor-admits-to-raping-wife-sexually-assaulting-her-also-confesses-to-sexual-crimes-against-children"
published_at: "2026-05-02T08:33:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f56a73c2723_sexually_assaulting_her;_also_confesses_to_sexual_crime.jpg"
keywords: []
---

# ഭാര്യയെ മയക്കി പീഡിപ്പിച്ചു; കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളും സമ്മതിച്ച് മുൻ കൗൺസിലർ

> **Lead Summary:** ലണ്ടൻ: ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ നേരത്തെ കുറ്റസമ്മതം നടത്തിയ ലണ്ടനിലെ മുൻ കൺസർവേറ്റീവ് പാർട്ടി കൗൺസിലർ, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ചതായും കോടതിയിൽ സമ്മതിച്ചു. വിൻചെസ്റ്റർ ക്രൗൺ കോടതിയിലാണ് 49-കാരനായ പ്രതി ഫിലിപ്പ് യംഗ് പുതിയ കുറ്റങ്ങൾ കൂടി ഏറ്റുപറഞ്ഞത്. മുമ്പ് കൺസർവേറ്റീവ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ഇയാൾക്കെതിരെ അതീവ ഗൗരവകരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

## Article Content

ലണ്ടൻ: ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ നേരത്തെ കുറ്റസമ്മതം നടത്തിയ ലണ്ടനിലെ മുൻ കൺസർവേറ്റീവ് പാർട്ടി കൗൺസിലർ, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ചതായും കോടതിയിൽ സമ്മതിച്ചു. വിൻചെസ്റ്റർ ക്രൗൺ കോടതിയിലാണ് 49-കാരനായ പ്രതി ഫിലിപ്പ് യംഗ് പുതിയ കുറ്റങ്ങൾ കൂടി ഏറ്റുപറഞ്ഞത്. മുമ്പ് കൺസർവേറ്റീവ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ഇയാൾക്കെതിരെ അതീവ ഗൗരവകരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

2010നും 2023നും ഇടയിലാണ് ഈ കുറ്റകൃത്യങ്ങളെല്ലാം നടന്നത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരായ അദ്ദേഹം എട്ട് അധിക കുറ്റങ്ങൾ കൂടി സമ്മതിച്ചു. ഇതിൽ 2024 ജൂലൈയിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമിക്കുകയും അവ കൈവശം വെക്കുകയും ചെയ്ത കുറ്റങ്ങളും ഉൾപ്പെടുന്നു. ജയിലിൽനിന്ന് വീഡിയോ ലിങ്ക് വഴിയാണ് പ്രതി കോടതിയിൽ ഹാജരായത്. തനിക്കെതിരെയുള്ള 56 കുറ്റങ്ങളും യംഗ് സമ്മതിച്ചതിനാൽ ഇനി വിചാരണയുടെ ആവശ്യമില്ലെന്ന് ജഡ്ജി പോൾ ഡഗ്‌ഡേൽ അറിയിച്ചു.

തന്റെ മുൻഭാര്യയായ ജോവാൻ യംഗിനെ (48) മയക്കിക്കിടത്തി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട 11 ബലാത്സംഗ കുറ്റങ്ങളും, മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട 11 കുറ്റങ്ങളും ജനുവരിയിൽ വിൻചെസ്റ്റർ ക്രൗൺ കോടതിയിൽ ഫിലിപ്പ് യംഗ് സമ്മതിച്ചിരുന്നു. എന്നാൽ ആ സമയത്ത്, കുട്ടികൾക്കെതിരെയാ ലൈം​ഗിക കുറ്റകൃത്യങ്ങൾ ഫിലിപ്പ് നിഷേധിച്ചിരുന്നു.

2010നും 2024നും ഇടയിൽ ഭാര്യയുടെ 500ലധികം സ്വകാര്യ ചിത്രങ്ങളും വീഡിയോകളും യംഗ് പ്രസിദ്ധീകരിക്കുകയും അവരുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു.

സോമർസെറ്റിലെ കോംപ്റ്റൺ ഡണ്ടണിൽ നിന്നുള്ള ഡീൻ ഹാമിൽട്ടൺ (47) ജോവാൻ യംഗിനെ പീഡിപ്പിച്ച കുറ്റം ഫെബ്രുവരിയിൽ സമ്മതിച്ചിരുന്നു. ബലാത്സംഗം, രണ്ട് ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്. ജോവാൻ യംഗിനെതിരെ ലൈംഗിക അതിക്രമങ്ങൾ നടത്തിയതിന് മറ്റ് നാല് പുരുഷന്മാരും കോടതിയിൽ ഹാജരായി. സ്വിൻഡനിൽ നിന്നുള്ള കോണർ സാൻഡേഴ്സൺ ഡോയൽ (31), ബെഡ്ഫോർഡ്ഷെയറിൽ നിന്നുള്ള നോർമൻ മാക്സോണി (47), സ്വിൻഡനിൽ നിന്നുള്ള റിച്ചാർഡ് വിൽക്കിൻസ് (61), മുഹമ്മദ് ഹസ്സൻ (37) എന്നിവർ കുറ്റം നിഷേധിച്ചു. ഇവരുടെ വിചാരണ ഒക്ടോബറിൽ നടക്കും.

2007 മുതൽ 2010 വരെ സ്വിൻഡൻ ബറോ കൗൺസിലിൽ കൺസർവേറ്റീവ് കൗൺസിലറായിരുന്നു ഫിലിപ്പ് യംഗ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും സ്വന്തം ബിസിനസ്സ് നടത്താനുമായി 2010 മെയ് 6-ന് അദ്ദേഹം കൗൺസിലിലെ കാബിനറ്റ് പദവി രാജിവെച്ചതായി അന്ന് വാർത്തകൾ വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356723/former-councilor-admits-to-raping-wife-sexually-assaulting-her-also-confesses-to-sexual-crimes-against-children)