---
title: "ക്ഷേത്രദർശനം കഴിഞ്ഞ് മടക്കം; ലോറിക്കു പിന്നിലേക്ക് കാർ ഇടിച്ചുകയറി രണ്ട് കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം"
english_title: "Six people including two children die after car crashes into lorry while returning from temple visit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356718/six-people-including-two-children-die-after-car-crashes-into-lorry-while-returning-from-temple-visit"
published_at: "2026-05-02T08:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f56325c5d61_accident.jpg"
keywords: []
---

# ക്ഷേത്രദർശനം കഴിഞ്ഞ് മടക്കം; ലോറിക്കു പിന്നിലേക്ക് കാർ ഇടിച്ചുകയറി രണ്ട് കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** **ഹൈദരാബാദ്: ( **[www.truevisionnews.com]** )** ശംഷാബാദ് ഔട്ടർ റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ ആറുപേർ മരിച്ചു. എക്സിറ്റ് 16ന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന ഏഴുപേരിൽ ആറുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഒരാൾ ഗുരുതര പരിക്കുകളോടെ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**ഹൈദരാബാദ്: ( **[www.truevisionnews.com]** )** ശംഷാബാദ് ഔട്ടർ റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ ആറുപേർ മരിച്ചു. എക്സിറ്റ് 16ന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന ഏഴുപേരിൽ ആറുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഒരാൾ ഗുരുതര പരിക്കുകളോടെ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന് ലോറിക്കടിയിൽ കുടുങ്ങിപ്പോയ നിലയിലായിരുന്നു.

കാർ ഓടിച്ചിരുന്ന സനാത്ത്നഗറിൽ താമസിക്കുന്ന രാജണ്ണ സിർസില്ല സ്വദേശി ബൊള്ളി ശിവകുമാർ (37), ഭാര്യ ബൊള്ളി ലാസ്യ, ബൊള്ളി ഋഷിത എന്നിവരാണ് അപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങൾ. കൂടെയുണ്ടായിരുന്ന കോഡം ശ്രീനിവാസ് (40), കുട്ടികളായ കൃഷ്ണ ചന്ദ്ര, കോഡം മാധവ് എന്നിവരും അപകടത്തിൽ മരണപ്പെട്ടു. ശ്രീനിവാസിന്റെ ഭാര്യ ശ്വേത (35) മാത്രമാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇവരെ ഉടൻതന്നെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

യാദഗിരിഗുട്ട ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ട സംഘമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെല്ലാം രാജണ്ണ സിർസില്ല ജില്ലക്കാരാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356718/six-people-including-two-children-die-after-car-crashes-into-lorry-while-returning-from-temple-visit)