---
title: "അമ്പട വീരാ.... നിരവധി മോഷണ കേസുകളിൽ പ്രതിയായ 21-കാരൻ പൊലീസ് പിടിയിൽ"
english_title: "Police arrest 21-year-old accused in multiple theft cases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356696/police-arrest-21-year-old-accused-in-multiple-theft-cases"
published_at: "2026-05-01T20:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4c31300583_highlight.jpg"
keywords: []
---

# അമ്പട വീരാ.... നിരവധി മോഷണ കേസുകളിൽ പ്രതിയായ 21-കാരൻ പൊലീസ് പിടിയിൽ

> **Lead Summary:** മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ നിരവധി മോഷണം നടത്തിയ 21-കാരൻ പൊലീസ് പിടിയിൽ.

## Article Content

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ നിരവധി മോഷണം നടത്തിയ 21-കാരൻ പൊലീസ് പിടിയിൽ.

മഞ്ചേരി അരുകിയായ സ്വദേശി കരിയം വീട്ടിൽ നിതിനെയാണ് പ്രത്യേക അന്വേഷണസംഘം കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപത്തുള്ള സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് അറസ്റ്റ് ചെയ്തത്.

മഞ്ചേരി മുള്ളമ്പാറ, അരുകിയായ മേഖലകളിൽ മോഷണം വ്യാപകമായതോടെ ജില്ല പൊലീസ് മേധാവി ചൈത്ര തെരാസാ ജോണിൻ്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മനോജ്‌, എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

ഇവരുടെ നേതൃത്വത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്.

ലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിച്ച സ്വർണാഭരണങ്ങളും പണവും ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ വാടകക്ക് എടുത്ത് കറങ്ങി നടക്കുകയും ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കൂടുതൽ കേസുകളുണ്ടോ എന്ന് അറിയുന്നതിനും മോഷ്ടിച്ച സ്വ‍ർണം വിറ്റത് കണ്ടെത്തുന്നതിനും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും മറ്റു സഹായം ചെയ്തവരെയും പൊലീസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356696/police-arrest-21-year-old-accused-in-multiple-theft-cases)