---
title: "'ബിജെപി  ജയിച്ചാൽ കുടിയേറ്റക്കാരെ പുറത്താക്കും’; അഭയാർഥി പ്രവാഹമുണ്ടാകുമെന്ന് ബംഗ്ലാദേശ് എംപി"
english_title: "West Bengal Assembly elections: Bangladeshi MP warns of refugee influx"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356691/west-bengal-assembly-elections-bangladeshi-mp-warns-of-refugee-influx"
published_at: "2026-05-01T19:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4b9198ca53_pzchi.jpg"
keywords: []
---

# 'ബിജെപി  ജയിച്ചാൽ കുടിയേറ്റക്കാരെ പുറത്താക്കും’; അഭയാർഥി പ്രവാഹമുണ്ടാകുമെന്ന് ബംഗ്ലാദേശ് എംപി

> **Lead Summary:** **കൊൽക്കത്ത: **പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ അയൽരാജ്യമായ ബംഗ്ലാദേശിൽ വലിയ രീതിയിലുള്ള അഭയാർത്ഥി പ്രതിസന്ധിയുണ്ടാകുമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് കോൺഗ്രസ് മെമ്പർ സെക്രട്ടറി അക്തർ ഹുസൈൻ.

## Article Content

**കൊൽക്കത്ത: **പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ അയൽരാജ്യമായ ബംഗ്ലാദേശിൽ വലിയ രീതിയിലുള്ള അഭയാർത്ഥി പ്രതിസന്ധിയുണ്ടാകുമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് കോൺഗ്രസ് മെമ്പർ സെക്രട്ടറി അക്തർ ഹുസൈൻ.

ബംഗ്ലാദേശ് പാർലമെന്റ് സെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു ആശങ്ക പങ്കുവെച്ചത്. ബംഗാളിൽ ബിജെപി വിജയിച്ചാൽ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്നും ഇത് വലിയൊരു ‘അഭയാർത്ഥി പ്രവാഹത്തിന്’ കാരണമാകുമെന്നും അക്തർ ഹുസൈൻ ചൂണ്ടിക്കാട്ടി.

കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചയക്കില്ലെന്ന് യാതൊരു ഉറപ്പുമില്ലെന്നും, ഈ സാഹചര്യം നേരിടാൻ ബംഗ്ലാദേശ് ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം, അക്തർ ഹുസൈന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തെത്തി.

ഹുസൈന്റെ വാക്കുകൾ ‘അപകടകരമാണെന്നും’ തൃണമൂൽ കോൺഗ്രസിനെ സഹായിക്കുന്നവർ ഓരോരുത്തരായി വെളിച്ചത്തുവരികയാണെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു.

വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മമത ബാനർജി കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണെന്ന ബിജെപിയുടെ ആരോപണത്തിന് പുതിയ തലം നൽകുന്നതാണ് ഈ പ്രസ്താവനകൾ.

അനധികൃത കുടിയേറ്റത്തിന് തടയിടുമെന്നത് ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. എന്നാൽ അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രസർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356691/west-bengal-assembly-elections-bangladeshi-mp-warns-of-refugee-influx)