---
title: "ബൗളിങ് നിരയിലെ ഫോമില്ലായ്മ മുംബൈയ്ക്ക് തിരിച്ചടിയാകുന്നു; ചെന്നൈയുമായി നിർണ്ണായക മത്സരം"
english_title: "Lack of form in the bowling line-up is a setback for Mumbai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356661/lack-of-form-in-the-bowling-line-up-is-a-setback-for-mumbai"
published_at: "2026-05-01T16:22:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f486bacbefa_18.jpg"
keywords: []
---

# ബൗളിങ് നിരയിലെ ഫോമില്ലായ്മ മുംബൈയ്ക്ക് തിരിച്ചടിയാകുന്നു; ചെന്നൈയുമായി നിർണ്ണായക മത്സരം

> **Lead Summary:** **[** ഐപിഎൽ 2026 സീസണിൽ നിലനിൽപ്പിനായുള്ള കഠിനമായ പോരാട്ടത്തിലാണ് മുംബൈ ഇന്ത്യൻസ്. ഇന്ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുമ്പോൾ, കേവലം ഒരു ജയത്തിനപ്പുറം ടൂർണമെന്റിലെ തങ്ങളുടെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ മത്സരമാണിത്.

## Article Content

**[** ഐപിഎൽ 2026 സീസണിൽ നിലനിൽപ്പിനായുള്ള കഠിനമായ പോരാട്ടത്തിലാണ് മുംബൈ ഇന്ത്യൻസ്. ഇന്ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുമ്പോൾ, കേവലം ഒരു ജയത്തിനപ്പുറം ടൂർണമെന്റിലെ തങ്ങളുടെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ മത്സരമാണിത്.

ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ വെച്ച് ചെന്നൈയോട് ഏറ്റുവാങ്ങിയ പരാജയത്തിന് പകരം വീട്ടുക എന്നതിലുപരി, പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ മുംബൈക്ക് ഇന്ന് വിജയം അനിവാര്യമാണ്. എന്നാൽ ബാറ്റിങ്ങിനേക്കാൾ ബൗളിങ് നിരയിലെ പാളിച്ചകളാണ് ഹാർദിക് പാണ്ഡ്യയുടെ സംഘത്തെ കുഴപ്പിക്കുന്നത്.

മുംബൈയുടെ ബൗളിങ് നിരയിൽ ജസ്പ്രീത് ബുമ്രയും ട്രെന്റ് ബോൾട്ടും നേരിടുന്ന ഫോമില്ലായ്മ ടീമിനെ വല്ലാതെ ബാധിക്കുന്നുണ്ട്. ഐപിഎൽ ചരിത്രത്തിലെ മികച്ച പവർപ്ലേ ബൗളറായ ബോൾട്ട് ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് നേടിയത്.

സമാനമായ രീതിയിൽ എട്ട് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് വിക്കറ്റുകൾ മാത്രം വീഴ്ത്തിയ ബുമ്രയുടെ വിക്കറ്റ് വരൾച്ചയും മുംബൈയുടെ തിരിച്ചടിയുടെ വ്യാപ്തി കൂട്ടുന്നു. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ സാധിക്കാത്തതും ബൗളർമാരുടെ എക്കോണമി പത്തിന് മുകളിൽ നിൽക്കുന്നതും മുംബൈയ്ക്ക് വലിയ വെല്ലുവിളിയാണ്.

എ.എം ഗസൻഫാർ മാത്രമാണ് ബൗളിങ് നിരയിൽ അൽപ്പമെങ്കിലും ആശ്വാസം നൽകുന്ന പ്രകടനം കാഴ്ചവെക്കുന്നത്.മറുഭാഗത്ത് സഞ്ജു സാംസണും റുതുരാജ് ഗെയ്ക്വാദും ഫോമിലുള്ളത് ചെന്നൈയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

മുംബൈയുടെ ബൗളർമാർ അച്ചടക്കമില്ലാതെ റൺസ് വഴങ്ങുമ്പോൾ, ചെന്നൈയുടെ ബൗളിങ് നിര കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ് റൺറേറ്റ് നിയന്ത്രിക്കുന്നതിൽ വിജയിക്കുന്നുണ്ട്.

നിലവിൽ പോയിന്റ് പട്ടികയിൽ ചെന്നൈ ആറ് പോയിന്റോടെ മുന്നിലാണെങ്കിലും, നാല് പോയിന്റ് മാത്രമുള്ള മുംബൈക്ക് ഇന്ന് തോറ്റാൽ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിക്കും. ബൗളിങ് ദൗർബല്യങ്ങൾ മറികടന്ന് ചെപ്പോക്കിൽ മുംബൈയ്ക്ക് അത്ഭുതങ്ങൾ കാട്ടാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356661/lack-of-form-in-the-bowling-line-up-is-a-setback-for-mumbai)