---
title: "'അവളൊരു കുട്ടിയാണ്, പഠിക്കേണ്ട പ്രായമാണ്';15-കാരിയുടെ ഗർഭച്ഛിദ്ര ഹർജിയിൽ നിർണ്ണായക നിരീക്ഷണവുമായി കോടതി"
english_title: "'She is a child, she is old enough to learn'; Court makes critical observation on 15-year-old's abortion petition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356646/she-is-a-child-she-is-old-enough-to-learn-court-makes-critical-observation-on-15-year-olds-abortion-petition"
published_at: "2026-05-01T15:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f47ce7bb8ae_Court_makes_critical_observation_on_15-year-olds_abortion_petition.jpg"
keywords: []
---

# 'അവളൊരു കുട്ടിയാണ്, പഠിക്കേണ്ട പ്രായമാണ്';15-കാരിയുടെ ഗർഭച്ഛിദ്ര ഹർജിയിൽ നിർണ്ണായക നിരീക്ഷണവുമായി കോടതി

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായ 15-കാരിയുടെ ഗർഭച്ഛിദ്ര ഹർജി പരിഗണിക്കവെ കോടതിയിൽ നാടകീയമായ വാദപ്രതിവാദങ്ങൾ.

## Article Content

ന്യൂഡൽഹി: ഡൽഹിയിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായ 15-കാരിയുടെ ഗർഭച്ഛിദ്ര ഹർജി പരിഗണിക്കവെ കോടതിയിൽ നാടകീയമായ വാദപ്രതിവാദങ്ങൾ.

ഗർഭസ്ഥശിശുവിന് 30 ആഴ്ച പ്രായമായതിനാൽ പ്രസവം വരെ കാത്തിരിക്കണമെന്നും, കുഞ്ഞിനെ പിന്നീട് ദത്തുനൽകാമെന്നും എയിംസിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) ഐശ്വര്യാ ഭാട്ടി വൈകാരികമായി വാദിച്ചു.

ഇപ്പോൾ ഗർഭച്ഛിദ്രം നടത്തിയാൽ ഭ്രൂണം ജീവനോടെ പുറത്തുവരാൻ സാധ്യതയുണ്ടെന്നും ഇത് പെൺകുട്ടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നും എ.എസ്.ജി കോടതിയെ അറിയിച്ചു.

എന്നാൽ, ആഗ്രഹിക്കാത്ത ഗർഭധാരണം അടിച്ചേൽപ്പിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ച് പറഞ്ഞു. ‘അവളൊരു കുട്ടിയാണ്. ഈസമയം പഠിക്കാൻ പോകേണ്ടവളാണ്. അവളോടാണ് നമ്മൾ അമ്മയാകാൻ പറയുന്നത്. ജീവിതകാലം മുഴുവൻ അവൾക്കിതിന്റെ ആഘാതം നൽകാനാകില്ല. ദത്തുനൽകാനാണെങ്കിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ കുട്ടികളുണ്ട്.’ -ബെഞ്ച് പറഞ്ഞു.

അമ്മയുടെ അഭിപ്രായമാണ് വലുതെന്ന് വ്യക്തമാക്കിയ കോടതി തീരുമാനമെടുക്കാനുള്ള അവകാശം ആശുപത്രിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. ‘മെഡിക്കൽ സേവനം നൽകൽമാത്രമാണ് എയിംസിന്റെ ചുമതല. പൗരരെ ബഹുമാനിക്കണം. പെൺകുട്ടിയെയും കുടുംബത്തെയും കാര്യങ്ങളറിയിച്ച് അവരോട് ശരിയായ തീരുമാനമെടുക്കാൻ പറയണം. ഗർഭം തുടരാൻ ആഗ്രഹിക്കുന്നങ്കിൽ അങ്ങനെയാകട്ടെ. മറിച്ചാണെങ്കിൽ എല്ലാ പ്രത്യാഘാതങ്ങളും ബോധ്യപ്പെടുത്തി ഗർഭച്ഛിദ്രം നടത്തണം’. കോടതി നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356646/she-is-a-child-she-is-old-enough-to-learn-court-makes-critical-observation-on-15-year-olds-abortion-petition)