---
title: "ശസ്ത്രക്രിയ വേണ്ട, സ്വാഭാവിക പ്രസവം മതി; ഫ്ലോറിഡയിൽ ആശുപത്രി അധികൃതരും ഗർഭിണിയും തമ്മിൽ നിയമപോരാട്ടം"
english_title: "No surgery, just natural birth; Legal battle between hospital authorities and pregnant woman in Florida"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356634/no-surgery-just-natural-birth-legal-battle-between-hospital-authorities-and-pregnant-woman-in-florida"
published_at: "2026-05-01T14:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f47115de44b_;_Legal_battle_between_hospital_authorities_and_pregnant_woman_in_Florida.jpg"
keywords: []
---

# ശസ്ത്രക്രിയ വേണ്ട, സ്വാഭാവിക പ്രസവം മതി; ഫ്ലോറിഡയിൽ ആശുപത്രി അധികൃതരും ഗർഭിണിയും തമ്മിൽ നിയമപോരാട്ടം

> **Lead Summary:** **ഫ്ലോറിഡ: [** സിസേറിയൻ ചെയ്യാൻ വിസമ്മതിച്ച യുവതിക്ക് ആശുപത്രി കിടക്കയിൽ നേരിടേണ്ടി വന്നത് അസാധാരണമായ നിയമയുദ്ധം. ഫ്ലോറിഡയിലെ ജാക്‌സൺവില്ലിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡ ഹെൽത്ത് ഹോസ്പിറ്റലിൽ ചെറിസ് ഡോയ്‌ലി എന്ന യുവതിക്കുണ്ടായ അനുഭവം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

## Article Content

**ഫ്ലോറിഡ: [** സിസേറിയൻ ചെയ്യാൻ വിസമ്മതിച്ച യുവതിക്ക് ആശുപത്രി കിടക്കയിൽ നേരിടേണ്ടി വന്നത് അസാധാരണമായ നിയമയുദ്ധം. ഫ്ലോറിഡയിലെ ജാക്‌സൺവില്ലിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡ ഹെൽത്ത് ഹോസ്പിറ്റലിൽ ചെറിസ് ഡോയ്‌ലി എന്ന യുവതിക്കുണ്ടായ അനുഭവം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

പ്രസവവേദനയുമായി ആശുപത്രിയിൽ കഴിയുന്നതിനിടെ, സ്വന്തം മെഡിക്കൽ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശത്തിനായി ലാപ്ടോപ്പ് സ്ക്രീനിലൂടെ ഓൺലൈനായി കോടതിക്ക് മുന്നിൽ ഹാജരാകേണ്ടി വന്ന അവസ്ഥയിലാണ് ഈ യുവതി.

മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. ഈ മൂന്ന് പ്രസവങ്ങളും സിസേറിയൻ ആയിരുന്നു. സ്വാഭാവിക പ്രസവം ആഗ്രഹിച്ചാണ് യുവതി ആശുപത്രിയിൽ എത്തിയത്. എന്നാൽ പ്രസവവേദന ആരംഭിച്ചതിന് പിന്നാലെ ഗർഭപാത്രം തകരാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ സിസേറിയൻ വേണമെന്ന് നിർബന്ധിച്ചു.

എന്നാൽ ഈ അപകടസാധ്യത വെറും 2 ശതമാനത്തിൽ താഴെ മാത്രമാണെന്ന് മനസ്സിലാക്കിയ ചെറിസ് സ്വാഭാവിക പ്രസവത്തിന് ആദ്യം ശ്രമിക്കണമെന്നും പരാജയപ്പെട്ടാൽ മാത്രം ശസ്ത്രക്രിയ മതിയെന്നും നിലപാടെടുക്കുകയായിരുന്നു.

എന്നാൽ രോഗിയുടെ വിസമ്മതം വകവെക്കാതെ ആശുപത്രി അധികൃതർ നിയമപരമായ വഴി തേടുകയാണ് ചെയ്തത്. ചെറിസ് പ്രസവവേദന കൊണ്ട് പുളയുന്നതിനിടെ നഴ്‌സുമാർ ഒരു ടാബ്‌ലെറ്റുമായി അവരുടെ അടുത്തേക്ക് വരികയും ഒരു സൂം മീറ്റിംഗിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

താൻ ഒരു കോടതി നടപടിയിലാണ് പങ്കെടുക്കുന്നതെന്ന് ചെറിസ് തിരിച്ചറിയുന്നത് അപ്പോഴാണ്. തന്റെ അനുവാദമില്ലാതെ ശസ്ത്രക്രിയ നടത്താൻ ആശുപത്രിക്ക് അനുമതി നൽകരുതെന്ന് അവർ ആശുപത്രി കിടക്കയിൽ കിടന്ന് ജഡ്ജിയോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356634/no-surgery-just-natural-birth-legal-battle-between-hospital-authorities-and-pregnant-woman-in-florida)