---
title: "ജോലി ലഭിക്കാത്തതിലെ മാനസിക വിഷമം; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി ജീവനൊടുക്കി"
english_title: "Indian student commits suicide in US"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356619/indian-student-commits-suicide-in-us-new"
published_at: "2026-05-01T14:05:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f466cec6e7d_dead.jpg"
keywords: []
---

# ജോലി ലഭിക്കാത്തതിലെ മാനസിക വിഷമം; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി ജീവനൊടുക്കി

> **Lead Summary:** **ചിക്കാഗോ: ** ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി. ആന്ധ്ര പ്രദേശിലെ കുർണൂൽ സ്വദേശിയായ ഇരഗനബോയിന ചന്തു ആണ് മരിച്ചത് . ചിക്കാഗോയിലെ ഡിപോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് അടുത്തിടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്തു, കഴിഞ്ഞ കുറച്ചു ആഴ്ചകളായി ജോലി കണ്ടെത്താനുള്ള കഠിനമായ ശ്രമത്തിലായിരുന്നു.

## Article Content

**ചിക്കാഗോ: ** ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി. ആന്ധ്ര പ്രദേശിലെ കുർണൂൽ സ്വദേശിയായ ഇരഗനബോയിന ചന്തു ആണ് മരിച്ചത് . ചിക്കാഗോയിലെ ഡിപോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് അടുത്തിടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്തു, കഴിഞ്ഞ കുറച്ചു ആഴ്ചകളായി ജോലി കണ്ടെത്താനുള്ള കഠിനമായ ശ്രമത്തിലായിരുന്നു.

എന്നാൽ ജോലി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പിതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചന്തുവിനെ വല്ലാതെ അലട്ടിയിരുന്നു.

പഠനം പൂർത്തിയാക്കിയിട്ടും വീട്ടിൽ നിന്നും പണം വാങ്ങേണ്ടി വരുന്നതിൽ ചന്തു അതീവ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. വലിയ സ്വപ്നങ്ങളുമായി അമേരിക്കയിൽ എത്തിയ ചന്തുവിന് നേരിടേണ്ടി വന്ന വെല്ലുവിളികൾ താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

ചന്തുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 1.20 ലക്ഷം ഡോളർ ലക്ഷ്യമിട്ടാണ് ധനസമാഹരണം നടത്തുന്നത്. ഇതിനോടകം തന്നെ 76,000 ഡോളറിലധികം സമാഹരിക്കാൻ കഴിഞ്ഞു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് കുടുംബത്തിന് താങ്ങാൻ കഴിയില്ല എന്നതിനാലാണ് ഇത്തരമൊരു നീക്കം. മൃതദേഹം വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ഏകദേശം 25,000 ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക കഴിഞ്ഞ് ബാക്കി ലഭിക്കുന്ന പണം ചന്തുവിന്റെ മാതാപിതാക്കൾക്ക് അവരുടെ കടബാധ്യതകൾ തീർക്കുന്നതിനായി നൽകാനാണ് സംഘാടകരുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356619/indian-student-commits-suicide-in-us-new)