---
title: "നിരത്തിൽ പൊലിഞ്ഞത് എട്ട് ജീവനുകൾ; യുപിയിൽ രണ്ട് വാഹനാപകടം, ഒരാളുടെ നില ഗുരുതരം"
english_title: "road accidents Uttarpradesh Shahjahanpur Eight people died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356542/road-accidents-uttarpradesh-shahjahanpur-eight-people-died"
published_at: "2026-05-01T11:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f43b4883c7d_utharpradesh.jpg"
keywords: []
---

# നിരത്തിൽ പൊലിഞ്ഞത് എട്ട് ജീവനുകൾ; യുപിയിൽ രണ്ട് വാഹനാപകടം, ഒരാളുടെ നില ഗുരുതരം

> **Lead Summary:** **ഷാജഹാൻപൂർ: **ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി എട്ട് പേർ മരിച്ചു. ഖുട്ടാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷാജഹാൻപൂർ-പാലിയ റോഡിൽ റൗതപൂർ ഗ്രാമത്തിന് സമീപമാണ് പ്രധാന അപകടം നടന്നത്.

## Article Content

**ഷാജഹാൻപൂർ: **ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി എട്ട് പേർ മരിച്ചു. ഖുട്ടാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷാജഹാൻപൂർ-പാലിയ റോഡിൽ റൗതപൂർ ഗ്രാമത്തിന് സമീപമാണ് പ്രധാന അപകടം നടന്നത്.

വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ അമിതവേഗതയിലെത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് സ്ത്രീകളും കാർ ഡ്രൈവറും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൽപ്പന (25), ശേഷരി (28), വീണ (35), നിർദേശ് (29) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ മേഖലയിലുണ്ടായ മറ്റൊരു അപകടത്തിൽ കൂടി നാല് പേർ മരിച്ചതോടെയാണ് ആകെ മരണസംഖ്യ എട്ടായി ഉയർന്നത്. 

പൊവായൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നാലുവരി ബൈപാസ് റോഡിൽ അമിതവേഗതയിൽ എത്തിയ ബൊലേറോ ബൈക്കിൽ ഇടിച്ചുകയറിയാണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത്.

ബൈക്ക് തെറ്റായ ദിശയിൽ വന്നപ്പോൾ എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരുൺ (35), ഭാര്യ സീമ (32), മക്കളായ ദീക്ഷ (10), നൈതിക് (3) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം ബൊലേറോ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356542/road-accidents-uttarpradesh-shahjahanpur-eight-people-died)