---
title: "തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ"
english_title: "the centre hikes the prices of commercial lpg cylinder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356489/the-centre-hikes-the-prices-of-commercial-lpg-cylinder"
published_at: "2026-05-01T07:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f40b47846b0_lpg.jpg"
keywords: []
---

# തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

> **Lead Summary:** തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇതോടെ സിലിണ്ടര്‍ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില.

## Article Content

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇതോടെ സിലിണ്ടര്‍ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില.

തിരുവനന്തപുരത്ത് 3,106 രൂപയായി. കോഴിക്കോട് 3,117.5 രൂപ ആയി. ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം ഗുരുതര ആഘാതമാണ് കനത്ത വിലക്കയറ്റം ഏല്‍പ്പിച്ചിരിക്കുന്നത്. സിലിണ്ടര്‍ വിലവര്‍ധിച്ചത് ഭക്ഷണവിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകളെ നിര്‍ബന്ധിതരാക്കും. ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാര്‍ച്ച് ഒന്നിന് 31 രൂപയും മാര്‍ച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട് തുടങ്ങി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്താത്തതും കേരളത്തിലെ ഹോട്ടല്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. എല്‍പിജി വിതരണത്തിലെ നിയന്ത്രണം മൂലം ഒട്ടേറെ ഹോട്ടലുകള്‍ അടച്ചിട്ടിരുന്നു. അതിനിടെയാണ് ഇടിത്തീപോലെ ഗ്യാസ് വിലക്കയറ്റം. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണ വര്‍ധനയില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356489/the-centre-hikes-the-prices-of-commercial-lpg-cylinder)