---
title: "‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി"
english_title: "Muslim League Malappuram District General Secretary against Vellappally Natesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356455/muslim-league-malappuram-district-general-secretary-against-vellappally-natesan"
published_at: "2026-04-30T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f361bf0dad5_league.jpg"
keywords: []
---

# ‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

> **Lead Summary:** മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. വെള്ളാപ്പള്ളി നടേശന് ഭ്രാന്താണെന്ന് ഹമീദ് മാസ്റ്റര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന് ചികിത്സയാണ് ആവശ്യം. പൊതുസമൂഹത്തിനിടയിലെ ലീഗിന്റെ സ്വീകാര്യത അദ്ദേഹത്തിന് ദഹിക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്നും ഹമീദ് മാസ്റ്റര്‍ കുറ്റപ്പെടുത്തി.

## Article Content

മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. വെള്ളാപ്പള്ളി നടേശന് ഭ്രാന്താണെന്ന് ഹമീദ് മാസ്റ്റര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന് ചികിത്സയാണ് ആവശ്യം. പൊതുസമൂഹത്തിനിടയിലെ ലീഗിന്റെ സ്വീകാര്യത അദ്ദേഹത്തിന് ദഹിക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്നും ഹമീദ് മാസ്റ്റര്‍ കുറ്റപ്പെടുത്തി.

വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്. ഇവിടെ മാറാട് ഒന്നും ആവര്‍ത്തിക്കാന്‍ പോകുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും. കോണ്‍ഗ്രസിനകത്ത് ഉണ്ടാകുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. അത് അണഞ്ഞുപോകും. കോണ്‍ഗ്രസ് വലിയ ജനാധിപത്യ പാര്‍ട്ടിയാണ്.

അതില്‍ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന സമയത്ത് ഒറ്റ അഭിപ്രായമേ ഉണ്ടാകും. ആ അഭിപ്രായത്തിന് ഒപ്പം മുസ്‌ലിം ലീഗ് ഉണ്ടാകും. ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികളോട് ആലോചിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ എന്നും ഹമീദ് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ മുസ്‌ലിം ലീഗിനെതിരെ വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫ് വന്നാല്‍ മുസ്‌ലിം ലീഗില്‍ നിന്നായിരിക്കും മുഖ്യമന്ത്രിയെന്നും അങ്ങനെയെങ്കില്‍ മാറാട് ആവര്‍ത്തിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എന്തൊക്കെ സംഭവിക്കുമെന്ന് കാണാം. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

'കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് പറയരുത്. യുഡിഎഫ് വന്നാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണിത്. യുഡിഎഫ് വന്നാല്‍ ലീഗ് ആയിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാല്‍ ഇടിയുടെ പടയണിയായിരിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു. മതാധിപത്യം ജയിച്ചു. എല്‍ഡിഎഫ് അണികള്‍ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നില്ല. പത്ത് വര്‍ഷത്തെ ഭരണത്തിന്റെ ആലസ്യമാണ് ഉണ്ടായത്', എന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356455/muslim-league-malappuram-district-general-secretary-against-vellappally-natesan)