---
title: "കൂലി നൽകാത്തതിലെ വിരോധം; കൊൽക്കത്ത സ്വദേശിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്‌"
english_title: "Life imprisonment for the accused in the case of slitting the throat of a Kolkata native due to non-payment of wages"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356445/life-imprisonment-for-the-accused-in-the-case-of-slitting-the-throat-of-a-kolkata-native-due-to-non-payment-of-wages"
published_at: "2026-04-30T17:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f346c3b31e2_Life_imprisonment_for_the_accused_in_the_case_of_slitting_the_throat_of_a_Kolkata_native_due_to_non-payment_of_wages.jpg"
keywords: []
---

# കൂലി നൽകാത്തതിലെ വിരോധം; കൊൽക്കത്ത സ്വദേശിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്‌

> **Lead Summary:** തലശേരി: കൂത്തുപറമ്പ് നരവൂരിലെ ചാക്ക് ഗോഡൗണിൽ കൊൽക്കത്ത സ്വദേശി മുഹമ്മദ് ഷംസുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. കൊൽക്കത്ത ബെൽഗാച്ചി സ്വദേശിയായ മുഹമ്മദ് ആസാദിനെ ആണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

## Article Content

തലശേരി: കൂത്തുപറമ്പ് നരവൂരിലെ ചാക്ക് ഗോഡൗണിൽ കൊൽക്കത്ത സ്വദേശി മുഹമ്മദ് ഷംസുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. കൊൽക്കത്ത ബെൽഗാച്ചി സ്വദേശിയായ മുഹമ്മദ് ആസാദിനെ ആണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

പിഴ തുക ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴയടയ്ക്കുന്ന തുക കൊല്ലപ്പെട്ട ഷംസുദ്ദീന്റെ ഭാര്യക്കും കുട്ടികൾക്കും നൽകാൻ കോടതി ഉത്തരവിട്ടു. കൂടാതെ, ഇരയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും കോടതി നിർദ്ദേശം നൽകി.

നാട്ടിൽ നിന്ന്‌ വരുമ്പോൾ നൽകാമെന്ന്‌ പറഞ്ഞ കൂലി നൽകാത്തതിലെ വിരോധത്തിൽ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. മരവന്റവിട കിഴക്കേയിൽ യൂസഫിന്റെ ചാക്ക് ഗോഡൗണിൽ 2013 ജൂലൈ 17ന്‌ പകലാണ്‌ ഷംസുദ്ദീനെ മരിച്ച നിലയിൽ കണ്ടത്‌.

ഷംസുദ്ദീനെ കൊലപ്പെടുത്തിയ ശേഷം മുഹമ്മദ്‌ ആസാദ് ബംഗാളിലേക്ക്‌ പോയി. 24 പർഗാന ജില്ലയിലെ ഉൾട്ട ഡംഗപൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങി. കൂത്തുപറന്പ്‌ എസ്ഐ സി എച്ച്‌ ഉണ്ണികൃഷ്‌ണനും സംഘവും ബംഗാളിൽ നിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ ജയറാംദാസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356445/life-imprisonment-for-the-accused-in-the-case-of-slitting-the-throat-of-a-kolkata-native-due-to-non-payment-of-wages)