---
title: "വിരമിക്കൽ ദിനത്തിൽ കുറ്റപത്രം; ഡോ. ലിസി മാത്യുവിനെതിരെ നടപടി, കാലടി സർവകലാശാലയിൽ ഇടത് സംഘടനകളുടെ പ്രതിഷേധം"
english_title: "Left organizations protest at Kalady University"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356442/left-organizations-protest-at-kalady-university"
published_at: "2026-04-30T17:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3410c1448c_20.jpg"
keywords: []
---

# വിരമിക്കൽ ദിനത്തിൽ കുറ്റപത്രം; ഡോ. ലിസി മാത്യുവിനെതിരെ നടപടി, കാലടി സർവകലാശാലയിൽ ഇടത് സംഘടനകളുടെ പ്രതിഷേധം

> **Lead Summary:** **എറണാകുളം: [ **സംസ്കൃത സർവകലാശാല പരീക്ഷാ കൺട്രോളറും പബ്ലിക്കേഷൻസ് ഓഫീസറുമായ ഡോ. ലിസി മാത്യുവിനെതിരെ വൈസ് ചാൻസിലർ സിസ തോമസ് അച്ചടക്ക നടപടി സ്വീകരിച്ചതിനെത്തുടർന്ന് സർവകലാശാലയിൽ അധ്യാപകരുടെ പ്രതിഷേധം.

## Article Content

**എറണാകുളം: [ **സംസ്കൃത സർവകലാശാല പരീക്ഷാ കൺട്രോളറും പബ്ലിക്കേഷൻസ് ഓഫീസറുമായ ഡോ. ലിസി മാത്യുവിനെതിരെ വൈസ് ചാൻസിലർ സിസ തോമസ് അച്ചടക്ക നടപടി സ്വീകരിച്ചതിനെത്തുടർന്ന് സർവകലാശാലയിൽ അധ്യാപകരുടെ പ്രതിഷേധം.

വിരമിക്കൽ ദിനമായ ഇന്ന് തന്നെ ലിസി മാത്യുവിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചുമതലകളിൽ നിന്ന് മാറ്റുകയും ചെയ്ത വിസിയുടെ നടപടിക്കെതിരെ ഇടത് അധ്യാപക സംഘടനയായ എഎസ്‍എസ്‍യുടി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം അച്ചടിച്ചതിലെ ക്രമക്കേടും പരീക്ഷ തോറ്റ വിദ്യാർത്ഥിയെ വിജയിപ്പിച്ചു എന്ന ആരോപണവുമാണ് നടപടിക്ക് ആധാരമായി വിസി ചൂണ്ടിക്കാട്ടുന്നത്. തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ വേട്ടയാടലാണെന്നും വൈസ് ചാൻസിലറുടെ നടപടി ഭരണകൂട ഭീകരതയാണെന്നും ഡോ. ലിസി മാത്യു പ്രതികരിച്ചു.

31 വർഷത്തെ നീണ്ട സേവനത്തിന് ശേഷം പടിയിറങ്ങുന്ന ദിവസം ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് അവർ പറഞ്ഞു. താൻ സീനിയർ പ്രൊഫസറാണെന്നും സ്ഥിരം വൈസ് ചാൻസിലറാകാൻ യോഗ്യതയുള്ള വ്യക്തിയുമാണെന്നും, ആ സ്ഥാനം തനിക്ക് ലഭിക്കാതിരിക്കാൻ ബോധപൂർവ്വം ഉന്നം വയ്ക്കുന്നതിന്റെ ഭാഗമാണ് ഈ നടപടികളെന്നും ലിസി മാത്യു ആരോപിച്ചു.

അധ്യാപകരുടെ പ്രതിഷേധം സർവകലാശാലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356442/left-organizations-protest-at-kalady-university)