---
title: "രുചിയിൽ കേമൻ 'ചിക്കൻ ബ്രെഡ് പോക്കറ്റ്'; നാലുമണി ചായയ്ക്ക് ഇനി ഇത് മതി"
english_title: "Delicious 'Chicken Bread Pocket'; This is enough for four o'clock tea now"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356406/delicious-chicken-bread-pocket-this-is-enough-for-four-oclock-tea-now"
published_at: "2026-04-30T15:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f32452bd9eb_4ewdsrf.jpg"
keywords: []
---

# രുചിയിൽ കേമൻ 'ചിക്കൻ ബ്രെഡ് പോക്കറ്റ്'; നാലുമണി ചായയ്ക്ക് ഇനി ഇത് മതി

> **Lead Summary:** **[** ചായയ്ക്കൊപ്പം കഴിക്കാൻ വ്യത്യസ്തമായ എന്തെങ്കിലും വേണമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ചിക്കൻ ബ്രെഡ് പോക്കറ്റ്. ബ്രെഡും ചിക്കനും ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവം പുറംഭാഗം നല്ല ക്രിസ്പിയായും ഉൾഭാഗം മസാലകൾ ചേർന്ന് സോഫ്റ്റായും ഇരിക്കുന്ന ഒന്നാണ്. ഇഫ്താർ വിരുന്നുകൾക്കും കിഡ്‌സ് പാർട്ടിയിലുമൊക്കെ സ്റ്റാർട്ടറായി വിളമ്പാൻ പറ്റിയ ഈ റെസിപ്പി എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം

## Article Content

**[** ചായയ്ക്കൊപ്പം കഴിക്കാൻ വ്യത്യസ്തമായ എന്തെങ്കിലും വേണമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ചിക്കൻ ബ്രെഡ് പോക്കറ്റ്. ബ്രെഡും ചിക്കനും ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവം പുറംഭാഗം നല്ല ക്രിസ്പിയായും ഉൾഭാഗം മസാലകൾ ചേർന്ന് സോഫ്റ്റായും ഇരിക്കുന്ന ഒന്നാണ്. ഇഫ്താർ വിരുന്നുകൾക്കും കിഡ്‌സ് പാർട്ടിയിലുമൊക്കെ സ്റ്റാർട്ടറായി വിളമ്പാൻ പറ്റിയ ഈ റെസിപ്പി എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം

ആവശ്യമായ സാധനങ്ങൾ:

വേവിച്ച് ഉടച്ച ചിക്കൻ - 1 കപ്പ്‌ (ഉപ്പും മഞ്ഞളും കുരുമുളകും ചേർത്ത് വേവിച്ചത്)

സവാള - 1 (ചെറുതായി അരിഞ്ഞത്)

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

പച്ചമുളക് - 2 എണ്ണം

ക്യാപ്സിക്കം, ക്യാരറ്റ് - ആവശ്യത്തിന് (ഓപ്ഷണൽ)

മഞ്ഞൾപ്പൊടി (¼ ടീസ്പൂൺ),

മുളകുപൊടി (½ ടീസ്പൂൺ),

ഗരം മസാല (½ ടീസ്പൂൺ)

കുരുമുളക് പൊടി (½ ടീസ്പൂൺ)

മല്ലിയില - ആവശ്യത്തിന്

ഉപ്പ് - പാകത്തിന്

ബ്രെഡ് സ്ലൈസുകൾ - 10-12 എണ്ണം

മുട്ട - 2 എണ്ണം (അല്പം ഉപ്പും കുരുമുളകും ചേർത്ത് അടിച്ചെടുത്തത്)

ബ്രെഡ് ക്രംബ്സ് - ആവശ്യത്തിന്

എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് വേവിച്ച ചിക്കനും മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക. വെള്ളമയം ഒട്ടും ഇല്ലാതെ ഉണങ്ങിയ രൂപത്തിലാവണം ഫില്ലിംഗ്.

രണ്ട് ബ്രെഡ് സ്ലൈസുകൾ എടുത്ത് ഒന്നിന് മുകളിൽ ഒന്നായി വെക്കുക. ഒരു റോളർ (ചപ്പാത്തി കോൽ) ഉപയോഗിച്ച് ഇവ നന്നായി അമർത്തി പരത്തുക. രണ്ട് ബ്രെഡുകളും തമ്മിൽ ഒട്ടിയിരിക്കണം. ഒരു റൗണ്ട് കട്ടറോ അല്ലെങ്കിൽ സ്റ്റീൽ ഗ്ലാസോ ഉപയോഗിച്ച് ബ്രെഡിന്റെ നടുഭാഗം വട്ടത്തിൽ മുറിച്ചെടുക്കുക. (വശങ്ങൾ കളയരുത്, അത് പൊടിച്ച് ബ്രെഡ് ക്രംബ്സ് ഉണ്ടാക്കാം).

മുറിച്ചെടുത്ത ബ്രെഡ് കഷ്ണങ്ങൾ മുട്ടയിൽ മുക്കിയ ശേഷം ബ്രെഡ് ക്രംബ്സിൽ പൊതിയുക. ചൂടായ എണ്ണയിൽ ബ്രെഡ് ഇട്ട് വറുത്തെടുക്കുക. വറുക്കുമ്പോൾ ബ്രെഡ് പൂരി പോലെ നന്നായി വീർത്തു വരും.സ്വർണ്ണനിറമാകുമ്പോൾ കോരിയെടുക്കുക.

വറുത്തെടുത്ത ബ്രെഡ് പകുതിയായി മുറിക്കുക. ഇപ്പോൾ ഇതിനുള്ളിൽ ഒരു പോക്കറ്റ് രൂപപ്പെട്ടതായി കാണാം. പോക്കറ്റിനുള്ളിൽ അല്പം മയോണൈസോ ടൊമാറ്റോ സോസോ തേച്ച ശേഷം തയ്യാറാക്കി വെച്ച ചിക്കൻ ഫില്ലിംഗ് നിറയ്ക്കുക.

രുചികരമായ ചിക്കൻ ബ്രെഡ് പോക്കറ്റ് തയ്യാർ! ഇത് ചൂടോടെ വിളമ്പാം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356406/delicious-chicken-bread-pocket-this-is-enough-for-four-oclock-tea-now)