---
title: "ആ കുട്ടികൾ കണ്ടില്ലായിരുന്നെങ്കിൽ....!  നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ, രക്ഷകരായി സ്കൂൾ കുട്ടികൾ "
english_title: "Newborn baby found buried alive in Meghalaya's Ri Bhoi district"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356405/newborn-baby-found-buried-alive-in-meghalayas-ri-bhoi-district-new"
published_at: "2026-04-30T15:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f324be9ff7a_baby.jpg"
keywords: []
---

# ആ കുട്ടികൾ കണ്ടില്ലായിരുന്നെങ്കിൽ....!  നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ, രക്ഷകരായി സ്കൂൾ കുട്ടികൾ 

> **Lead Summary:** **ഷില്ലോങ്: **നവജാതശിശുവിനെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മേഘാലയയിലെ റി ഭോയ് ജില്ലയിലാണ് സംഭവം . കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

## Article Content

**ഷില്ലോങ്: **നവജാതശിശുവിനെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മേഘാലയയിലെ റി ഭോയ് ജില്ലയിലാണ് സംഭവം . കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

സ്കൂളിലേക്ക് പോകും വഴി മണ്ണിനടിയിൽ അസാധാരണമായ എന്തോ ഒന്ന് കണ്ടതിനെ തുടർന്ന് കുട്ടികൾ നടത്തിയ പരിശോധനയിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്. കുട്ടികൾ ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുക്കുകയും മൗഹാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.

ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുമ്പോൾ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി നോങ്‌പോയിലെ സിവിൽ ആശുപത്രിയിലേക്ക് പിന്നീട് കുഞ്ഞിനെ മാറ്റി. നിലവിൽ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

അതേ സമയം കുട്ടികളുടെ ധീരമായ പ്രവൃത്തിയെ നിരവധി പേർ പ്രശംസിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തി. ക്രൂരപ്രവൃത്തിയിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ബി.എന്‍.എസിലെ വിവിധ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്.

കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. വൈറലായ വീഡിയോ പരിശോധിച്ചും പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കുഞ്ഞിന്റെ ആരോഗ്യനില ഡോക്ടർമാർ നിരന്തരം നിരീക്ഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356405/newborn-baby-found-buried-alive-in-meghalayas-ri-bhoi-district-new)