---
title: "ഡൽഹിയിൽ കാറിടിച്ച് ഫ്ലൈഓവറിൽ നിന്ന് താഴേക്ക് വീണു; ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം"
english_title: "Food delivery agent dies after being hit by car and falling off flyover in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356402/food-delivery-agent-dies-after-being-hit-by-car-and-falling-off-flyover-in-delhi"
published_at: "2026-04-30T14:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3204a3cf5c_Food_delivery_agent_dies_after_being_hit_by_car_and_falling_off_flyover_in_Delhi.jpg"
keywords: []
---

# ഡൽഹിയിൽ കാറിടിച്ച് ഫ്ലൈഓവറിൽ നിന്ന് താഴേക്ക് വീണു; ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം

> **Lead Summary:** ന്യൂഡൽഹി : ഡൽഹിയിൽ കാറിടിച്ച് ഫ്ലൈഓവറിൽ നിന്ന് താഴേക്ക് വീണ് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഡാബ്രി ഫ്ലൈഓവറിലായിരുന്നു അപകടം.

## Article Content

ന്യൂഡൽഹി : ഡൽഹിയിൽ കാറിടിച്ച് ഫ്ലൈഓവറിൽ നിന്ന് താഴേക്ക് വീണ് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഡാബ്രി ഫ്ലൈഓവറിലായിരുന്നു അപകടം.

ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ നിന്നുള്ള രാജ്കുമാർ ആണ് മരിച്ചത്. രാജ്കുമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു.

പങ്ക റോഡിലെ ഡാബ്രി ഫ്ലൈഓവറിൽ നിന്ന് അപകടത്തിൽ ഒരാൾ താഴേക്കു വീണെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും അറിയിച്ചുകൊണ്ട് രാവിലെ 7:35നാണ് പിസിആർ കോൾ ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

തകർന്ന ഒരു സ്കൂട്ടറും കാറും ഫ്ലൈഓവറിൽ നിന്ന് കണ്ടെത്തി. ഫ്ലൈഓവറിന് താഴെ ​ഗുരുതരമായി പരിക്കേറ്റ് കിടന്ന രാജിനെ ഉടൻതന്നെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡൽഹിയിലെ ഒരു സ്വകാര്യ ഫുഡ് ഡെലിവറി സർവീസിൽ ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു യുവാവ്. അപകടശേഷം കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

അപകടത്തിൽപ്പെട്ട കാറിന് ഡൽഹി രജിസ്ട്രേഷൻ നമ്പർ ഉണ്ടെന്നും ഡാബ്രി നിവാസിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒളിവിൽ പോയ ഡ്രൈവറെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356402/food-delivery-agent-dies-after-being-hit-by-car-and-falling-off-flyover-in-delhi)