---
title: "വേനൽച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത "
english_title: "It is raining in Kerala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356381/it-is-raining-in-kerala"
published_at: "2026-04-30T13:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f312b700299_rain.jpg"
keywords: []
---

# വേനൽച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനമാണ് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്. ഇന്ന്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനമാണ് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്. ഇന്ന്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356381/it-is-raining-in-kerala)