---
title: "ബെംഗളൂരു മതിൽ അപകടം: പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി; ഒരാളുടെ പരിക്ക് ഗുരുതരം"
english_title: "One person seriously injured in hospital wall collapse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356370/one-person-seriously-injured-in-hospital-wall-collapse"
published_at: "2026-04-30T13:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f30bf386a72_12.jpg"
keywords: []
---

# ബെംഗളൂരു മതിൽ അപകടം: പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി; ഒരാളുടെ പരിക്ക് ഗുരുതരം

> **Lead Summary:** **ബെംഗളൂരു:[ **ബെംഗളൂരു ശിവാജിനഗറിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

## Article Content

**ബെംഗളൂരു:[ **ബെംഗളൂരു ശിവാജിനഗറിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

പരിക്കേറ്റവരിൽ മായ, പ്രീതി എന്നിവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. തലയ്ക്ക് പരിക്കേറ്റ മായയാണ് അപകടവിവരം പുറംലോകത്തെ അറിയിച്ചത്. എന്നാൽ, നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രാമമംഗലം സ്വദേശി സിജിയുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്.

വിദഗ്ധ ചികിത്സയ്ക്കായി സിജിയെ ഇപ്പോൾ നാട്ടിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. എറണാകുളം രാമമംഗലത്ത് നിന്നുള്ള 52 അംഗ കുടുംബശ്രീ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്.

ബെംഗളൂരുവിൽ ഷോപ്പിംഗ് പൂർത്തിയാക്കി മൈസൂരുവിലേക്ക് തിരിക്കാനിരിക്കെയാണ് കനത്ത മഴയെത്തുടർന്ന് അപ്രതീക്ഷിതമായി മതിൽ ഇടിഞ്ഞുവീണത്. മഴ പെയ്തപ്പോൾ ശിവാജിനഗറിലെ ഒരു ടാർപോളിൻ മറയ്ക്ക് താഴെ അഭയം തേടിയപ്പോഴായിരുന്നു ദുരന്തം.

അപകടത്തിൽപ്പെട്ട 14 പേരിൽ മലയാളികളായ ലത, സ്മിത എന്നിവരടക്കം ഏഴ് പേർക്കാണ് ജീവൻ നഷ്ടമായത്.  മരിച്ചവരുടെ മൃതദേഹങ്ങൾ ഉച്ചയോടെ നാട്ടിലെത്തിക്കും. ആദ്യം രാമമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരത്തിനായി വീടുകളിലേക്ക് കൊണ്ടുപോകും.

സംഘത്തിലെ ബാക്കിയുള്ളവർ രാത്രിയോടെ തന്നെ കേരളത്തിലേക്ക് മടങ്ങി. സന്തോഷകരമായി തുടങ്ങിയ വിനോദയാത്ര അപ്രതീക്ഷിത ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് രാമമംഗലം ഗ്രാമം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356370/one-person-seriously-injured-in-hospital-wall-collapse)