---
title: "പുണെയിൽ ക്ലോറിൻ വാതകം ചോർന്നു; അഗ്നിശമന സേനാംഗങ്ങളടക്കം 24 പേർ ആശുപത്രിയിൽ"
english_title: "Chlorine gas leak in Pune; 24 people including firefighters hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356362/chlorine-gas-leak-in-pune-24-people-including-firefighters-hospitalized"
published_at: "2026-04-30T13:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3056646695_24_people_including_firefighters_hospitalized.jpg"
keywords: []
---

# പുണെയിൽ ക്ലോറിൻ വാതകം ചോർന്നു; അഗ്നിശമന സേനാംഗങ്ങളടക്കം 24 പേർ ആശുപത്രിയിൽ

> **Lead Summary:** പുണെ : പുണെ കൊണ്ടവയിൽ ക്ലോറിൻ വാതകം ചോർന്ന് 22 താമസക്കാരെയും രണ്ട് അഗ്നിശമന സേനാംഗങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊണ്ടവ ഗംഗാധാം മേഖലയിൽ പ്രവർത്തനരഹിതമായ ഒരു ജലശുദ്ധീകരണ പ്ലാന്റ് ഗോഡൗണിൽ നിന്നാണ് വാതകച്ചോർച്ച ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

## Article Content

പുണെ : പുണെ കൊണ്ടവയിൽ ക്ലോറിൻ വാതകം ചോർന്ന് 22 താമസക്കാരെയും രണ്ട് അഗ്നിശമന സേനാംഗങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊണ്ടവ ഗംഗാധാം മേഖലയിൽ പ്രവർത്തനരഹിതമായ ഒരു ജലശുദ്ധീകരണ പ്ലാന്റ് ഗോഡൗണിൽ നിന്നാണ് വാതകച്ചോർച്ച ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ഗോഡൗണിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന പഴയ ടാങ്കിൽ നിന്നാണ് വാതകം പടർന്നത്. ഇതോടെ സമീപവാസികൾക്ക് കടുത്ത ശ്വാസതടസ്സവും അസ്വസ്ഥതകളും അനുഭവപ്പെട്ടു. വിവരമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമന സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വാതകം പടർന്ന മേഖലയിൽ നിന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് ടാങ്കിലെ ചോർച്ച അടച്ചു.

രക്ഷാപ്രവർത്തനത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ട രണ്ട് അഗ്നിശമന സേനാംഗങ്ങളെയും അസ്വസ്ഥതകൾ പ്രകടിപ്പിച്ച 22 പേരെയും സസൂൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും നിലവിൽ അപകടാവസ്ഥയിൽ നിന്നും മുക്തരാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

നേരത്തെ ഇവിടെ ജലശുദ്ധീകരണ പ്ലാന്റ് നടത്തിയിരുന്ന വ്യക്തി പ്ലാന്റ് പൊളിച്ചുമാറ്റിയപ്പോൾ ക്ലോറിൻ അടങ്ങിയ ടാങ്ക് ശ്രദ്ധിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. കാലപ്പഴക്കം മൂലം ഇതിൽ ചോർച്ച ഉണ്ടായതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉടമസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356362/chlorine-gas-leak-in-pune-24-people-including-firefighters-hospitalized)