---
title: "അമിത ശബ്ദത്തിൽ ഡിജെ പാട്ട്; പരിഭ്രാന്തരായ 140 കോഴികൾ കൂട്ടത്തോടെ ചത്തു; പോലീസ് കേസെടുത്തു"
english_title: "DJ playing music at high volume; 140 chickens die in panic; Police file case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356283/dj-playing-music-at-high-volume-140-chickens-die-in-panic-police-file-case"
published_at: "2026-04-30T09:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2d7391b519_;_Police_file_case.jpg"
keywords: []
---

# അമിത ശബ്ദത്തിൽ ഡിജെ പാട്ട്; പരിഭ്രാന്തരായ 140 കോഴികൾ കൂട്ടത്തോടെ ചത്തു; പോലീസ് കേസെടുത്തു

> **Lead Summary:** സുൽത്താൻപൂർ: വിവാഹഘോഷയാത്രയിലെ ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ കൂട്ടത്തോടെ ചത്തു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് വിചിത്രവും ദാരുണവുമായ ഈ സംഭവം നടന്നത്. ഫാം ഉടമയായ സാബിർ അലി നൽകിയ പരാതിയിൽ ഡിജെ ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

സുൽത്താൻപൂർ: വിവാഹഘോഷയാത്രയിലെ ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ കൂട്ടത്തോടെ ചത്തു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് വിചിത്രവും ദാരുണവുമായ ഈ സംഭവം നടന്നത്. ഫാം ഉടമയായ സാബിർ അലി നൽകിയ പരാതിയിൽ ഡിജെ ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തു.

ഏപ്രിൽ 25ന് രാത്രി 9.30ഓടെയാണ് സംഭവം. പ്രദേശവാസിയായ ബബ്ബൻ വിശ്വകർമയുടെ മകളുടെ വിവാഹഘോഷയാത്ര സാബിറിന്റെ പൗൾട്രി ഫാമിന് സമീപത്തു കൂടി കടന്നുപോയിരുന്നു. ഘോഷയാത്രയിൽ വലിയ സ്പീക്കറുകൾ ഉപയോഗിച്ച് അമിത ശബ്ദത്തിൽ പാട്ട് വെച്ചിരുന്നു. വലിയ ശബ്ദം കേട്ട് പരിഭ്രാന്തരായ കോഴികൾ ഫാമിലെ ഒരു മൂലയിലേക്ക് കൂട്ടമായി ഓടിക്കയറുകയും ശ്വാസം മുട്ടിയും ഹൃദയാഘാതം മൂലവും ചാവുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

ശബ്ദം കുറയ്ക്കാൻ താൻ ആവശ്യപ്പെട്ടെങ്കിലും വിവാഹ സംഘം തയ്യാറായില്ലെന്ന് സാബിർ അലി ആരോപിക്കുന്നു. ഡിജെ ഓപ്പറേറ്ററായ കവി യാദവിനെതിരെയാണ് കുദ്വാർ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഉയർന്ന ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും ഇത് മരണത്തിന് വരെ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഇത് ഡിജെ ഉടമയിൽ നിന്നോ വിവാഹം നടത്തിയ കുടുംബത്തിൽ നിന്നോ ഈടാക്കി നൽകണമെന്നുമാണ് ഫാം ഉടമയുടെ ആവശ്യം. ഡിജെയുടെ ശബ്ദം അനുവദനീയമായ പരിധി ലംഘിച്ചിരുന്നോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356283/dj-playing-music-at-high-volume-140-chickens-die-in-panic-police-file-case)