---
title: "മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങൽ; ഹൈദരാബാദിന് ആറ് വിക്കറ്റ് ജയം"
english_title: "Hyderabad won by six wickets"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356279/hyderabad-won-by-six-wickets"
published_at: "2026-04-30T09:22:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2d25e3eaf6_1.jpg"
keywords: []
---

# മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങൽ; ഹൈദരാബാദിന് ആറ് വിക്കറ്റ് ജയം

> **Lead Summary:** **മുംബൈ: [ **വാങ്കഡെ സ്റ്റേഡിയത്തിൽ റൺമഴ പെയ്ത പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിന്റെ കനത്ത തോൽവി വഴങ്ങി മുംബൈ ഇന്ത്യൻസ്.

## Article Content

**മുംബൈ: [ **വാങ്കഡെ സ്റ്റേഡിയത്തിൽ റൺമഴ പെയ്ത പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിന്റെ കനത്ത തോൽവി വഴങ്ങി മുംബൈ ഇന്ത്യൻസ്.

ആദ്യം ബാറ്റ് ചെയ്ത് 243 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തിയിട്ടും അത് പ്രതിരോധിക്കാൻ കഴിയാതിരുന്നത് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.

സീസണിലെ എട്ടാം മത്സരത്തിൽ മുംബൈ നേരിടുന്ന ആറാം തോൽവിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഓപ്പണർ റയാൻ റിക്കിൾട്ടണിന്റെ തകർപ്പൻ സെഞ്ച്വറിയാണ് മികച്ച നിലയിലെത്തിച്ചത്.

55 പന്തിൽ നിന്ന് 123 റൺസ് അടിച്ചുകൂട്ടിയ റിക്കിൾട്ടണിന് പുറമെ, വിൽ ജാക്സും (46) ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (31) വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതോടെയാണ് മുംബൈ സ്കോർബോർഡ് 243-ൽ എത്തിയത്.

ഹൈദരാബാദിനായി നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ മലിംഗ മുംബൈയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ബാറ്റിങ് നിര ആഞ്ഞടിച്ചു.

ആക്രമണ ശൈലിയിൽ ഇന്നിങ്സ് തുടങ്ങിയ ട്രാവിസ് ഹെഡ് (30 പന്തിൽ 76), അഭിഷേക് ശർമ (24 പന്തിൽ 45) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ എട്ടോവറിൽ തന്നെ 128 റൺസ് അടിച്ചുകൂട്ടി സൺറൈസേഴ്സിന് വിജയത്തുടക്കം നൽകി.

മധ്യ ഓവറുകളിൽ ഹെന്റിച്ച് ക്ലാസനും (65*) അവസാന നിമിഷങ്ങളിൽ തകർത്തടിച്ച സലിൽ അറോറയും (30) ചേർന്നതോടെ 18.4 ഓവറിൽ തന്നെ ഹൈദരാബാദ് ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, മുംബൈ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്ലാസനാണ് മത്സരത്തിലെ താരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356279/hyderabad-won-by-six-wickets)