---
title: "വിവാഹഘോഷയാത്രയുടെ ഡിജെ കാരണം കോഴികള്‍ കൂട്ടത്തോടെ ചത്തു; ഫാം ഉടമയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്"
english_title: "Chickens die in droves due to wedding procession DJ Police register case on farm owner's complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356274/chickens-die-in-droves-due-to-wedding-procession-dj-police-register-case-on-farm-owners-complaint"
published_at: "2026-04-30T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2cbffe9cbd_case.jpg"
keywords: []
---

# വിവാഹഘോഷയാത്രയുടെ ഡിജെ കാരണം കോഴികള്‍ കൂട്ടത്തോടെ ചത്തു; ഫാം ഉടമയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

> **Lead Summary:** സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

## Article Content

സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

സാബിറിന്റെ ഫാമിലെ 140 കോഴികളാണ് ചത്തത്. ഫാമിന് സമീപത്തുകൂടി ഉച്ചത്തില്‍ പാട്ട് വെച്ച് വിവാഹ സംഘം പോയിരുന്നു. ഈ ശബ്ദം കേട്ടാണ് തന്റെ കോഴികള്‍ ചത്തതെന്നാണ് സാബിര്‍ അലിയുടെ പരാതിയില്‍ പറയുന്നത്.

ഏപ്രില്‍ 25 ന് രാത്രിയായിരുന്നു സംഭവം. അന്ന് രാത്രി പ്രദേശവാസിയായ ബബ്ബന്‍ വിശ്വകര്‍മയുടെ മകളുടെ വിവാഹഘോഷയാത്ര ഗ്രാമത്തിലൂടെ പോയിരുന്നു. കുദ്വാറിനടുത്തുള്ള രാംഭദ്ര പൂര്‍വയില്‍ നിന്നാണ് ഘോഷയാത്ര വന്നത്. വിവാഹ സംഘത്തിനൊപ്പം ഉയര്‍ന്ന ശബ്ദത്തില്‍ ഡിജെയും ഉണ്ടായിരുന്നു.

സാബിര്‍ അലിയുടെ പൗള്‍ട്രി ഫാമിനു സമീപത്തു കൂടി രാത്രി 9.30 ഓടെയാണ് ഘോഷയാത്ര സംഘം പോയത്. ഡിജെയുടെ ഉയര്‍ന്ന ശബ്ദം കേട്ട് കോഴികള്‍ പരിഭ്രാന്തരായെന്ന് സാബിര്‍ അലി പറയുന്നു. ഉറക്കെയുള്ള ശബ്ദം താങ്ങാനാകാതെയാണ് തന്റെ 140 കോഴികള്‍ ചത്തതെന്നാണ് സാബിര്‍ അലി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ശബ്ദം അത്രയും ഉറക്കെയായതിനാല്‍ കോഴികള്‍ പേടിച്ച് പരിഭ്രാന്തരായി ചത്തുവെന്നാണ് ഉടമയുടെ വാദം. പരാതിയില്‍ പൊലീസ് ഡിജെ ഓപ്പറേറ്ററായ കവി യാദവിനെതിരെ കേസെടുത്തിട്ടുണ്ട്. ഡിജെയുടെ ശബ്ദം അനുവദിച്ചതിലും അധികമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

ഉയര്‍ന്ന തീവ്രതയിലുള്ള ശബ്ദങ്ങള്‍ പക്ഷികളിലും മൃഗങ്ങളിലും കടുത്ത സമ്മര്‍ദ പ്രതികരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലപ്പോള്‍ ഇത് ഹൃദയസ്തംഭനത്തിനു വരെ കാരണമായേക്കും. വിവാഹസംഘത്തിന്റെ ഘോഷയാത്ര കാരണം തനിക്ക് വലിയ നഷ്ടമുണ്ടായെന്നും ഇത് ഡിജെയില്‍ നിന്നോ വിവാഹം നടത്തിയ കുടുംബത്തില്‍ നിന്നോ ഈടാക്കണമെന്നാണ് ഫാം ഉടമയുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356274/chickens-die-in-droves-due-to-wedding-procession-dj-police-register-case-on-farm-owners-complaint)